ഈ കൊവിഡ് കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ അകലം പാലിക്കുക എന്നത്. കുറഞ്ഞത് ആറ് അടി അകലം പാലിക്കുന്നത് കൊവിഡിൽ നിന്നും അകന്ന് നിൽക്കാൻ നമ്മെ സഹായിക്കുന്നു. എന്നാൽ ഈ ആറടി അകലമൊക്കെ പാലിക്കാൻ ബുദ്ധിമുട്ടുന്നവർക്ക്, പ്രത്യേകിച്ച് ഫാഷനെ ഇഷ്ടപ്പെടുന്നവർക്ക് ഈ ഗൗൺ ഇഷ്ടപ്പെടും. കാരണം ആറ് അടി അർദ്ധവ്യാസമാണ് ഗൗണിന്റെ ബോട്ടത്തിനുള്ളത്. കണ്ടാൽ സിൻഡ്രെല്ല കഥകളിലുള്ള പോലെയാണ് ഈ ഗ്ലാമറസ് ഗൗൺ.
ഷെയ് എന്ന ഡിസൈനറാണ് ഈ ' സോഷ്യൽ ഡിസ്‌റ്റൻസിംഗ് ' ഗൗണിന് പിന്നിലുള്ളത്. വളരെ പണിപ്പെട്ടാണ് ഇത്രയും ഭീമമായ ഗൗൺ ഷെയ് നിർമിച്ചെടുത്തത്. ഗൗണിന്റെ 12 അടിയിലുള്ള ഹൂപ്‌സ്കേർട്ടിനായി ടൂൾ നെറ്റ് ആണ് ഷെയ് ഉപയോഗിച്ചിരിക്കുന്നത്. വലിപ്പം കൂടുതലാണെങ്കിലും ഗൗണിന്റെ സ്കേർട്ട് ഭാഗത്തിന് ഭാരം കുറവാണ്.
ഗൗണിനൊപ്പം ധരിക്കാനുള്ള ഫേസ്മാസ്കും ഷെയ് തന്നെ ഡിസൈൻ ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ഈ ഗൗണിന്റെ നിർമാണത്തിന്റെ ഓരോ ഘട്ടങ്ങളും ഷെയ് ഫോട്ടോകളിലൂടെയും വീഡിയോയിലൂടെയും പുറത്തുവിട്ടിരുന്നു. ഇത്രയും വലിയ ഗൗണോക്കെ ധരിച്ച് എങ്ങനെ നടക്കുമെന്നും എവിടെയെങ്കിലും തട്ടി വീണലോ എന്നുമൊക്കെ സംശയം പ്രകടിപ്പിക്കുന്നവർ നിരവധിയാണ്. എന്നാൽ അക്കാര്യത്തിൽ ടെൻഷൻ വേണ്ട. കാരണം, ഗൗണിന്റെ ബേസിൽ ഷെയ് പ്രത്യേക വീലുകൾ ഘടിപ്പിച്ചിട്ടുണ്ട്.
300 യാർഡ് ( 270 മീറ്റർ ) ടൂൾ നെറ്റാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്. ഈ ഗൗൺ ധരിച്ച് ഒരു ഫോട്ടോഷൂട്ട് ആകാമെന്ന് കരുതിയാൽ വളരെ വിസ്താരമുള്ള പ്രദേശം തന്നെ തിരഞ്ഞെടുക്കേണ്ടി വരും. ഉപയോഗം കഴിഞ്ഞ ശേഷം പാർട്ടുകളായി ഗൗണിനെ വേർപ്പെടുത്തി സൂക്ഷിക്കാനും കഴിയും.