scotland

എഡിന്‍ബര്‍ഗ് : വിപ്ലവകരമായ ഒരു തീരുമാനമാണ് സ്‌കോട്ടിഷ് പാര്‍ലമെന്റ് ഐക്യകണ്ഠേന എടുത്തിരിക്കുന്നത്. രാജ്യത്ത് ഇനി മുതല്‍ സ്ത്രീകള്‍ക്ക് സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കുക എന്നതാണ് ആ തീരുമാനം. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന പാഡുകള്‍, ടാംപണുകള്‍ തുടങ്ങി എല്ലാ സാനിറ്ററി ഉല്‍പ്പന്നങ്ങളും സ്‌കോട്ട്ലന്‍ഡ് സൗജന്യമാക്കിയിരിക്കുകയാണ്.

സ്‌കോട്ടിഷ് പാര്‍ലമെന്റ് ഐക്യകണ്ഠേന ഈ നിയമം പാസ്സാക്കിയതോടെ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്‌കോട്ട്ലന്‍ഡ് മാറുകയും ചെയ്തു. 8.7 മില്യണ്‍ യൂറോയാണ് ഇതിനായി മാറ്റിവെച്ചത്. 2017-ല്‍ നടത്തിയ സര്‍വേയില്‍ യു.കെയിലെ പത്തില്‍ ഒരു പെണ്‍കുട്ടിക്ക് മതിയായ സാനിറ്ററി സൗകര്യം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ആര്‍ത്തവ സമയത്ത് സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നതില്‍ പെണ്‍കുട്ടികള്‍ വെല്ലുവിളി നേരിടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. 2019 എപ്രിലില്‍ സ്‌കോട്ടിഷ് ലേബര്‍ പാര്‍ട്ടി വക്താവ് മോണിക്ക ലെന്നോനാണ് ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്.

പുതിയ തീരുമാനം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് മോണിക്ക ലെന്നോണ്‍ പറഞ്ഞു. ആര്‍ത്തവത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന രീതിക്ക് തന്നെ സമൂഹത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ആര്‍ത്തവത്തെ കുറിച്ച് പൊതുധാരയില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നില്ലെന്നും മോണിക്ക കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീപക്ഷ സംഘടനകളും ഈ പുതിയ നിയമത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് എല്ലാ പൊതുസ്ഥലങ്ങളിലും കമ്മ്യൂണിറ്റി കേന്ദ്രങ്ങളിലും ക്ലബുകളിലും ഫാര്‍മസികളിലും സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലുമെല്ലാം സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കും.