chelsea

യുവന്റസും സെവിയ്യയും യുവന്റസും പ്രീക്വാർട്ടർ ഉറപ്പിച്ചത് ഇഞ്ചുറി ടൈമിലെ ഗോളിൽ

ബാഴ്സ‌ലോണയും നോക്കൗട്ടിൽ

ലണ്ടൻ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ, യുവന്റസ്,ചെൽസി, സെവിയ്യ തുടങ്ങിയ പ്രമുഖ ടീമുകൾ കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിലെ വിജയവുമായി നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. ഉക്രൈൻ ക്ലബ് ഡൈനാമോ കീവിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഡൈനാമോ കീവിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ബ്രാത്ത്‌വൈറ്റിന്റെ ഇരട്ടഗോളുകളും (പെനാൽറ്രി ഉൾപ്പെടെ)​ ഗ്രീൻസ്മാ‌ൻ,​ഡസ്റ്റ് എന്നിവർ

നേടിയ ഗോളുകളുമാണ് ബാഴ്സയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. വിശ്രമം അനുവദിക്കപ്പെട്ട സൂപ്പർ താരം ലയണൽ മെസിയുടെ അഭാവത്തിലാണ് ബാഴ്സയുടെ തകർപ്പൻ വിജയം. ഡി ജോംഗിനും കോച്ച് കോമാൻ വിശ്രമം അനുവദിച്ചിരുന്നു.തുടർച്ചയായ പതിനേഴാം സീസണിലാണ് ബാഴ്സ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടുന്നത്. ഇഞ്ചുറി ടൈമിലെ ഗോളുകളാണ് ചെൽസിയുടെയും യുവന്റസിന്റെയും സെവിയ്യയുടെയും നോക്കൗട്ട് പ്രവേശനം ഉറപ്പിച്ചത്.

ഫ്രഞ്ച് ക്ലബ് റെന്നേസിനെതിരെ ഒലിവർ ജിറൗഡ് 91-ാം മിനിട്ടിൽ നേടിയ ഗോളാണ് ചെൽസിയെ നോക്കൗട്ട് റൗണ്ടിൽ എത്തിച്ചത്. ഹഡ്സൺ ഒഡോയിയുടെ ഗോളിൽ 22-ാം മിനിട്ടിൽ ചെൽസി മുന്നിലെത്തി. എന്നാൽ തുടർന്ന് തകർപ്പൻ പ്രകടനം പുറത്തെടുത്ത റെന്നേസ് ചെൽസിയെ ഞെട്ടിച്ച് സെർഹോ ഗ്വുയിരസ്സെയിലൂടെ സമനില പിടിക്കുകയായിരുന്നു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ജിറൗഡ് ചെൽസിയുടെ രക്ഷകനായത്. ചെൽസിക്കൊപ്പം ഗ്രൂപ്പിൽ നിന്ന് സെവിയ്യയും പ്രീക്വാർട്ടിറിലെത്തി. മുനീർ എൽ ഹദാദി തൊണ്ണൂറ്റി അഞ്ചാം മിനിട്ടിൽ നേടിയ ഗോളാണ് സെവിയ്യയ്ക്ക് നോക്കൗട്ടിലേക്ക് രക്ഷയായത്. നാലാം മിനിട്ടിൽ റാക്കിറ്റിച്ചിലൂടെ ലീഡെടുത്ത സെവിയ്യയെ കാംപോസ് 56-ാം മിനിട്ടിൽ നേടിയ ഗോളിലൂടെ ക്രസ്നോഡർ ഒപ്പംപിടിച്ചെങ്കിലും എൽഹദാദി സെവിയ്യയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.

ഹംഗറി ക്ലബ് ഫെറൻക്വാറോസിനെതിരെ യുവന്റസിന് അനുഗ്രഹമായതും ഇഞ്ച്വറി ടൈമിൽ മൊറാട്ട നേടിയ ഗോളാണ്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് യുവന്റസ് പ്രക്വാർട്ടർ യോഗ്യത സ്വന്തമാക്കിയത്. 19-ാം മിനിട്ടിൽ മിട്രോ ഉസുനിയുടെ ഗോളിൽ ഫെറൻക്വാറോസാണ് ലീഡെടുത്തത്. എന്നാൽ 35-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടങ്കാലൻ ഷോട്ടിലൂടെ ഫെറൻക്വാറോസിന്റെ വലകുലുക്കി യുവെയുടെ അക്കൗണ്ടിൽ ആദ്യ ഗോൾ എത്തിക്കുകയായിരുന്നു.

മാഞ്ചസ്റ്രർ യുണൈറ്രഡ് ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ടഗോളുകളുടെ മികവിൽ തുർക്കി ക്ലബ് ഇസ്താംബൂൾ ബഷാകിഷറിനെ 4-1ന് വീഴ്‌ത്തി നോക്കൗട്ട് യോഗ്യതയ്ക്ക് അരികിലെത്തി. 7,19 മിനിട്ടുകളിലായിരുന്നു ബ്രൂണോയുടെ ഗോളുകൾ. റാഷ്ഫോർഡ്, ഡാനിയേൽ ജയിംസ് എന്നിവർ ഓരോഗോൾ വീതം നേടി. ഡെന്നിസ് ടുറുസാണ് ഇസ്താംബൂളിന്റെ ആശ്വാസ ഗോൾ നേടിയത്. മറ്രൊരു മത്സരത്തിൽ പി.എസ്.ജി ഏകപക്ഷീയമായ ഒരു ഗോളിന് ലെയ്‌പ്‌സിഗിനെ വീഴ്ത്തി. പതിനൊന്നാം മിനിട്ടിൽ നെയ്മറാണ് പെനാൽറ്റിയിലൂടെ പി.എസ്.ജിയുടെ വിജയ ഗോൾ നേടിയത്.

മത്സരഫലം

റെന്നേസ് 1-2 ചെൽസി

ക്രസ്‌നോഡർ 1-0 സെവിയ്യ

മാൻ.യുണൈറ്രഡ് 4-1 ഇസ്താംബൂൾ

ഡൈനാമോ കീവ് 0-4 ബാഴ്സലോണ

പി.എസ്.ജി 1-0 ലെയ്‌പ്‌സിഗ്

ലാസിയോ 3-1 സെനിത്ത്

ഡോർ‌ട്ട്മുണ്ട് 3- 0ബ്രൂഗെ

യുവന്റസ് 2-1 ഫെറൻക്വാറോസ്