gourav

വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പാർലമെന്റിൽ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യൻ വംശജനായ ഡോക്ടർ അധികാരമേറ്റു. ഹാമിൽട്ടൺ വെസ്റ്റിൽ നിന്ന് ലേബർ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ച ഹിമാചൽ പ്രദേശ് സ്വദേശി ഡോ. ഗൗരവ് ശർമ്മയാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചത്. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഗൗരവ് ശർമ്മ. ആദ്യം ന്യൂസിലൻഡിലെ പ്രാദേശിക ഭാഷയായ മാവോരിയിലും പിന്നീട് ക്ളാസിക്കൽ ഭാഷയായ സംസ്കൃതത്തിലും സത്യപ്രതിജ്ഞ ചെയ്തത് ഇരു രാജ്യങ്ങളിലെയും സംസ്കാരങ്ങളോടുള്ള അതീവ ബഹുമാനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് രാജ്യത്തെ ഇന്ത്യൻ ഹൈക്കമ്മിഷണർ മുക്തേഷ് പർദേശി ട്വീറ്റ് ചെയ്തു. 1996ൽ ന്യൂസിലൻഡിലേക്ക് പോയതാണ് ഗൗരവിന്റെ കുടുംബം. നാഷണൽ പാർട്ടി സ്ഥാനാർത്ഥിയായ ടും മകിൻഡോയെ 4368 വോട്ടുകൾക്കാണ് ഗൗരവ് പരാജയപ്പെടുത്തിയത്. 'ഹിന്ദിയിലും തന്റെ മാതൃഭാഷയായ പഹാരിയിലും പഞ്ചാബിയിലും സത്യപ്രതിജ്ഞ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എല്ലാവരെയും സന്തോഷിപ്പിക്കുക ബുദ്ധിമുട്ടായതിനാൽ ക്ളാസിക് ഭാഷയായ സംസ്കൃതം തിരഞ്ഞടുത്തു"വെന്നാണ് സത്യപ്രതിജ്ഞയെക്കുറിച്ച് ഗൗരവ് പറഞ്ഞത്.