സ്ളം ഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെ എ.ആർ.റഹ്മാനെയും റസൂൽ പൂക്കുട്ടിയേയും തേടിയെത്തിയ ഓസ്കാർ പുരസ്കാരം മലയാള സിനിമയിലേക്ക് വന്നെത്തുമോ? ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഓസ്കാറിലേക്കുള്ള ഇന്ത്യൻ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രതീക്ഷകൾ ഉയരുകയാണ്. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ( ഇഫി ) മികച്ച സംവിധായകനുള്ള പുരസ്കാരം ജല്ലിക്കട്ടിലൂടെ ലിജോയെ രണ്ടാം വട്ടം തേടിയെത്തിയിരുന്നു.അന്ന് ഈ ചിത്രം കണ്ട ജൂറിയിലെ ഭൂരിഭാഗം അംഗങ്ങളും സിനിമയുടെ മേക്കിംഗിനെ വാനോളം പ്രശംസിക്കുകയുണ്ടായി.കയറുപൊട്ടിച്ചോടുന്ന ഒരു പോത്തും അതിനെ പിടിക്കാൻ ഓടുന്ന ഒരു ഗ്രാമവും. ചലച്ചിത്രഭാഷയുടെ സാധ്യതകൾ മുഴുവൻ പ്രയോജനപ്പെടുത്തിയാണ് ലിജോ ആ ചിത്രമൊരുക്കിയത്. ജീവിതത്തോടുള്ള മനുഷ്യന്റെ ത്വരയും ദുരാഗ്രഹങ്ങളും ഒടുവിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാകുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്.
10 വർഷങ്ങൾ,8 ചിത്രങ്ങൾ
ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകൻ ലോക സിനിമയുടെ ഭൂപടത്തിൽ മലയാള സിനിമയുടെ പുതിയ മേൽവിലാസമായത് പത്തു വർഷത്തിനിടയിലാണ്.സിനിമയിൽ പുതിയൊരു ഭാവുകത്വം അവതരിപ്പിച്ച ലിജോ അടൂരിനും അരവിന്ദനും ഷാജി എൻ.കരുണിനും,ടി.വി.ചന്ദ്രനും ശേഷം മലയാള സിനിമയുടെ ഏറ്റവും വലിയ വാഗ്ദാനമായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സംവിധായകനാണ്.ഇന്ദ്രജിത് നായകനായി അഭിനയിച്ച് ' നായകനാ"യിരുന്നു ലിജോയുടെ ആദ്യ ചിത്രം.അതിന്റെ അവതരണ രീതി തന്നെ പ്രേക്ഷക ശ്രദ്ധ നേടി.തുടർന്നുവന്ന പൃഥ്വിരാജ് നായകനായ സിറ്റി ഓഫ് ഗോഡും ശ്രദ്ധേയമായി.ഫഹദിനെ നായകനാക്കിയ മൂന്നാമത്തെ ചിത്രമായ ആമേൻ എല്ലാ വിഭാഗം പ്രേക്ഷകരേയും ആകർഷിച്ചുവെന്നു മാത്രമല്ല ബോക്സോഫീസിൽ റെക്കോഡ് കളക്ഷനും നേടി.തുടർന്നുവന്ന ഡബിൾ ബാരൽ വിജയമായില്ലെങ്കിലും സംവിധാന ശൈലി ശ്രദ്ധിക്കപ്പെട്ടു.അന്ന് വിമർശിച്ചവരോട് തന്റെ ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും താൻ ആരെയും ഇംപ്രസ് ചെയ്യാനല്ല ചിത്രമെടുക്കുന്നതെന്നും ലിജോ പ്രതികരിച്ചത് വൈറലായിരുന്നു. അങ്കമാലി ഡയറീസായിരുന്നു തകർപ്പൻ ഹിറ്റായ ലിജോയുടെ അടുത്ത ചിത്രം.ഈശോ മറിയം ഒൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരിൽ വന്ന ഇൗ.മ.യൗ ലിജോയിലെ സംവിധായകനെ ഉയരങ്ങളിലെത്തിച്ചു. ഇഫിയിൽ മികച്ച സംവിധായകനുള്ള രജതമയൂരം ലിജോയ്ക്കും മികച്ച നടനുള്ള രജതമയൂരം മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചെമ്പൻ വിനോദിനും ലഭിച്ചു.ലിജോയുടെ ഗ്രാഫ് അതോടെ കുതിച്ചുയർന്നു. തുടർന്നാണ് ജല്ലിക്കട്ട് എന്ന ക്ളാസിക്കിന്റെ വരവ്.മലയാള സിനിമയിൽ പുതിയൊരു യുഗം അവിടെ ആരംഭിച്ചു. ചുരുളിയാണ് ലിജോ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ഇത് റിലീസായിട്ടില്ല. ലിജോയുടെ നേട്ടങ്ങൾ മലയാള സിനിമയുടെ മുന്നേറ്റത്തിന് വലിയ കുതിപ്പ് നൽകും.മുഖ്യധാരാ ചിത്രം, ആർട്ട് ചിത്രം, കമേഴ്സ്യൽ ചിത്രം എന്നിങ്ങനെയുള്ള വേർതിരിവുകൾ ഇല്ലാതാക്കുന്ന പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരുത്തുന്ന സിനിമകൾ ഇനി വരുമെന്ന് പ്രതീക്ഷിക്കാം.
രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു,സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബു എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ഓസ്കാർ എൻട്രിയായിട്ടുള്ള മലയാള ചിത്രങ്ങൾ.27 ചിത്രങ്ങളോട് മത്സരിച്ചാണ് ജല്ലിക്കട്ട് ഇന്ത്യൻ എൻട്രിയായത്.മലയാളത്തിൽ നിന്ന് ഗീതു മോഹൻദാസിന്റെ മൂത്തോനും മത്സരത്തിനുണ്ടായിരുന്നു.
പരേതനായ പ്രമുഖ നടൻ ജോസ് പെല്ലിശേരിയുടെ മകനാണ് ലിജോ.അടുത്തവർഷം ഏപ്രിലിലാണ് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക.