ayodhya-airport

ലഖ്‌നൗ: അയോധ്യയില്‍ നിര്‍മ്മിക്കാനിരിക്കുന്ന വിമാനത്താവളത്തിന്റെ പേര് നിശ്ചയിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 'മര്യാദാ പുരുഷോത്തം ശ്രീറാം' എന്നാണ് പുതിയ വിമാനത്താവളത്തിന് നല്‍കുവാന്‍ ഉദ്ദേശിച്ച പേര്. പുതിയ പേരിന്റെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. നേരത്തെ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയിരുന്നു. ഇവിടെ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന വിമാനത്താവളത്തിന്റെ പേരാണ് ഇത്തരത്തില്‍ നല്‍കുക.

ഇക്കാര്യത്തില്‍ സംസ്ഥാന നിയമസഭയില്‍ പാസാക്കാനുള്ള നിര്‍ദ്ദിഷ്ട പ്രമേയത്തിന്റെ ലേഖനത്തിനും അംഗീകാരം ലഭിച്ചു. മന്ത്രിസഭ അംഗീകരിച്ച ഈ പ്രമേയം സംസ്ഥാന നിയമസഭയില്‍ നിന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കൈമാറാനും തീരുമാനിച്ചു. അടുത്ത വര്‍ഷം ഡിസംബറോടെ ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ അയോധ്യയിലേക്ക് വരാനുദ്ദേശിക്കുന്ന വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും എന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തില്‍ പണി കഴിപ്പിക്കുന്ന വിമാനത്താവളമാണ് അയോധ്യയിലേത് എന്നാണ് കരുതുന്നത്. ഇതിനോടകം യുപി സര്‍ക്കാര്‍ 525 കോടി അനുവദിച്ച് കഴിഞ്ഞുവെന്നാണ് സൂചന. ഈ വര്‍ഷം ഓഗസ്റ്റ് 5 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിനായുള്ള ശിലാസ്ഥാപന ചടങ്ങ് നടത്തിയത്.