കൊച്ചി : കോതമംഗലം മർതോമൻ ചെറിയപള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറാനുള്ള ഹൈക്കോടതി വിധി സമാധാനപരമായി നടപ്പാക്കാൻ മൂന്നു മാസം കൂടി സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
പള്ളി ഏറ്റെടുത്തു കൈമാറാനുള്ള വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് ഒാർത്തഡോക്സ് വിഭാഗം വികാരി ഫാ. തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സ്റ്റേറ്റ് അറ്റോർണി ഇക്കാര്യം പറഞ്ഞത്. പലതവണ സമയം നീട്ടിനൽകിയിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് സിംഗിൾബെഞ്ച് വിമർശിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന നടപടികൾ ഒഴിവാക്കി സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു. മുഖ്യമന്ത്രി മുൻകൈയെടുത്ത് ഇരുവിഭാഗങ്ങളുമായും മൂന്നുവട്ടം ചർച്ച നടത്തിയെന്നും വ്യക്തമാക്കി
എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കേസിൽ കക്ഷിയല്ലാത്ത അഡി. ചീഫ് സെക്രട്ടറി എന്തിനാണ് സത്യവാങ്മൂലം നൽകിയതെന്ന് സിംഗിൾബെഞ്ച് ചോദിച്ചു. കോടതിയലക്ഷ്യക്കേസിൽ അഡി. ചീഫ് സെക്രട്ടറിയെയും കക്ഷിയാക്കേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസിൽ കക്ഷി ചേരാനുള്ള രണ്ടു ഹർജികളിലും സിംഗിൾബെഞ്ച് വാദം കേട്ടു.