mamata-banerjee

കൊല്‍ക്കത്ത: ബി.ജെ.പിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നും ഞാന്‍ ജയിലില്‍ പോയാലും തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ജയിക്കുമെന്നും മമത ബാനര്‍ജി. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ ബങ്കുരയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

'ബി.ജെ.പിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ. ജയിലില്‍ കിടന്നിട്ടായാലും തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ജയിക്കുമെന്ന് ഞാന്‍ ഉറപ്പു പറയാം.' മമത ബാനര്‍ജി പറഞ്ഞു. 2021 ഏപ്രില്‍ മെയ് മാസങ്ങളിലാണ് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2011 മുതല്‍ സംസ്ഥാനത്ത് അധികാരത്തില്‍ തുടരുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി കൈക്കൂലി കൊടുത്ത് വശത്താക്കാന്‍ ശ്രമിക്കുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചു. ബി.ജെ.പി അടുത്ത തവണ അധികാരത്തില്‍ വരുമെന്നു കരുതി ഇരിക്കുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു. 'ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, അത് നുണകളുടെ മാലിന്യമാണ്' തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം അവര്‍ തൃണമൂല്‍ നേതാക്കളെ പിടിക്കാനായി രഹസ്യ ഓപ്പറേഷനും അഴിമതിയും ഉയര്‍ത്തിക്കൊണ്ടു വരുമെന്നും മമത ബാനര്‍ജി പറഞ്ഞു.

ലാലു പ്രസാദ് യാദവ് ജയിലില്‍ കിടക്കുകയാണെങ്കിലും തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് മമത പറഞ്ഞു. പശ്ചിമ ബംഗാളില്‍ ബി.ജെ.പി ജയിക്കുന്നത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടല്ലെന്നും അട്ടിമറി നടത്തിയിട്ടാണെന്നും മമത ആരോപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും മമത പറഞ്ഞു.