തിരുവനന്തപുരം: ബുധനാഴ്‌ച അർദ്ധരാത്രിമുതൽ ആരംഭിക്കുന്ന രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയണമെന്ന്
കെ എസ് ഇ ബി ഓഫീസേഴ്സ് സംഘ്, കേരള വൈദ്യുതി മസ്ദൂർ സംഘ് എന്നീ സംഘടനകൾ സംയുക്ത പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.കൊവിഡ‌് വ്യാപനത്തിനെതിരായ പ്രതിരോധം നടക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയും തുടങ്ങിയ ഈ സാഹചര്യത്തിൽ ജനങ്ങളെ ദുരിതത്തിലാഴ്‌ത്താൻ മാത്രമേ പണിമുടക്ക് ഉപകരിക്കുകയുള്ളൂവെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാർ, ജീവനക്കാരുടെ ശമ്പളം നീർബന്ധപൂർവ്വം പിടിച്ചുവെക്കാൻ ഓർഡിനൻസ് ഇറക്കിയപ്പോഴും,ഡി എ അനുവദിക്കാതിരുന്നതിനും പങ്കാളിത്ത പെൻഷൻ പുന:പരിശോധന, ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ തീരുമാനമെടുക്കാതിരിക്കുന്നതിനും ഒഴിവുകളിലേക്ക് കരാർ നിയമനങ്ങൾ തകൃതിയായി നടത്തുമ്പോഴും അതിനെതിരെ ചെറുവിരൽ അനക്കാതിരുന്നവർ കേന്ദ്ര വിരുദ്ധമെന്ന പേരിൽ നടത്തുന്ന പണിമുടക്ക് സംസ്ഥാന സർക്കാരിനെതിരെയുള്ളതാണെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. പണിമുടക്കിൽ നിന്ന് വിട്ടുനിന്ന് സർക്കാരിന് ഉണ്ടാവുന്ന നഷ്ടം ഒഴിവാക്കുന്നതിന് സഹകരിക്കണമെന്നും കെ എസ് ഇ ബി ഓഫീസേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് യൂ വീ സുരേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് പുത്തലത്ത്, കെ വി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കൊളുത്തൂർ എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു.