ലോസ്ആഞ്ചലസ് : ആളൊഴിഞ്ഞ മരുഭൂമിയിൽ കണ്ടെത്തിയ വിചിത്രമായ ഒരു വസ്തുവാണിപ്പോൾ വാർത്തകളിൽ താരം. സയൻസ് ഫിക്‌ഷൻ സിനിമകളിലൊക്കെ കാണുന്ന പോലെ അന്യഗ്രഹജീവികളുടെ കൈയ്യിലെ വസ്തുക്കളെ സ്മരിപ്പിക്കും വിധമുള്ള ഒരു ലോഹ സ്‌തൂപമാണ് അത്.
അമേരിക്കയിലെ തെക്കൻ യൂറ്റായിലെ മരുഭൂമിയിലാണ് ഈ കൂറ്റൻ അജ്ഞാത ലോഹ ശിലാ സ്തംഭം കണ്ടെത്തിയത്. മരുഭൂമിയിലെ ചുവന്ന പാറക്കെട്ടുകൾക്ക് സമീപം മണ്ണിൽ നിന്നും ഏകദേശം 12 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്തംഭത്തിന് ത്രികോണാകൃതിയാണുള്ളത്. ഹെലികോപ്ടർ വഴി ബിഗ് ഹോൺ ഷീപ്പുകളുടെ ( ഒരിനം ചെമ്മരിയാട് ) സർവേ നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരുടെ മുന്നിലാണ് മരുഭൂമിയിലെ സ്തംഭം ശ്രദ്ധയിൽപ്പെട്ടത്.
വിജനമായ മരുപ്രദേശത്ത് ഇത്തരമൊരു ലോഹ സ്തംഭം എവിടെ നിന്നു വന്നുവെന്നും ആര് കൊണ്ട് വച്ചു എന്നുമാണ് ഇപ്പോൾ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നത്. മണ്ണിൽ കൃത്യമായി ഉറപ്പിച്ച നിലയിലാണ് സ്തംഭം. അതിനാൽ ആകാശത്ത് നിന്നും താഴേക്ക് പതിച്ചതല്ല എന്നാണ് നിഗമനം. ഇതിനിടെ അന്യഗ്രഹ ജീവികൾ ഭൂമിയിൽ സ്ഥാപിച്ചിട്ട് പോയതാണിതെന്നും പറഞ്ഞ് അന്യഗ്രഹ ജീവികളിൽ വിശ്വസിക്കുന്നവർ രംഗത്തെത്തിയിട്ടുണ്ട്.
തിളക്കമാർന്ന ലോഹമാണ് സ്തംഭം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ആ ലോഹം ഏതാണന്നോ യൂട്ടാ മരുഭൂമിയിൽ എവിടെയാണ് ഇതെന്നോ ഉള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയാണിതെന്നാണ് വിശദീകരണം. സ്റ്റാൻലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ' 2001 : എ സ്പേസ് ഒഡീസിയിൽ ' ഇതുപോലൊരു സ്തംഭത്തെ കാണാം.
ചിത്രത്തിൽ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആരാധകരിൽ ആരെങ്കിലും നിർമിച്ച് ഇവിടെ സ്ഥാപിച്ചതാകാനും ഇടയുണ്ടെന്നും ഗവേഷകർ പറയുന്നു. 2020 വർഷം റീസെറ്റ് ചെയ്യാനുള്ള ബട്ടൺ അന്യഗ്രഹജീവികൾ ഇവിടെ കൊണ്ടുവച്ചതാണെന്നും എത്രയും വേഗം ആരെങ്കിലും ബട്ടൺ അമർത്തൂ എന്നൊക്കെയുമാണ് സോഷ്യൽ മീഡിയയിൽ ഇതേ പറ്റി ഉയരുന്ന രസകരമായ കമന്റുകൾ.