taapsee-pannu

തപ്സി പന്നുവിന്റെ സിനിമാ തിരഞ്ഞെടുപ്പുകള്‍ എപ്പോഴും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ തപ്‌സിയുടെ പുതിയ ചിത്രങ്ങള്‍ കാണാന്‍ ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രശ്മി റോക്കറ്റ് എന്ന സിനിമയാണ് തപ്‌സിയുടേതായി ഇനി വരാനിരിക്കുന്നത്. ഈ ചിത്രവും വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷ.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള താരത്തിന്റെ ഫോട്ടോകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ഓട്ടക്കാരിയായി അഭിനയിക്കുന്ന ചിത്രത്തിനായി അമ്പരപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. സ്പോര്‍ട്സ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ചിത്രത്തിനായി താരം നടത്തിയ വര്‍ക്കൗട്ടുകളും പരീശീലനങ്ങളുടെയും ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു.

ശരീരം ഒരു കായികതാരത്തിന്റേതായി പരുവപ്പെടുത്തിയെന്ന് പങ്കുവെച്ച പുതിയ ചിത്രത്തിൽ നിന്ന് തന്നെ വ്യക്തം. ബൂട്ട് ക്യാമ്പ് പോലെയായിരുന്ന ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞു എന്നായിരുന്നു തപ്സി ചിത്രം പങ്കുവെച്ച് കുറിച്ചത്. ഇനി ലോല ഫാമിലിയിലേക്ക് പോവുകയാണെന്നും താരം പറഞ്ഞു. നിരവധി പേരാണ് കമന്റുകളിലൂടെ താരത്തെ അഭിനന്ദിക്കുന്നത്. ശരിക്കും ഒരു അത്ലറ്റിന്റെ ശരീരത്തിലേക്കുള്ള തപ്‌സിയുടെ മാറ്റം ആരേയും ഞെട്ടിക്കുന്നതാണ്.

ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാന്‍ഷു പൈന്‍യുള്ളിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തപ്‌സിയുടെ ഭര്‍ത്താവിന്റെ വേഷമാണ് പ്രിയാന്‍ഷു അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.