അർജന്റീന: ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്നും ലോകം അറിയുന്ന പ്രശസ്‌ത കാൽപന്ത് കളിക്കാരനിലേക്കുള്ള ദൂരം മറികടക്കുന്നതിനിടെ പേരിനും പ്രശസ്‌തിക്കുമൊപ്പം ഡീഗോ മറഡോണ നേടിയത് നിരവധി ആരാധകരെ കൂടിയാണ്. തങ്ങളുടെ പ്രിയ താരത്തിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങാനും ചേർന്ന് നിന്ന് സെൽഫി എടുക്കാനും എല്ലാ ആരാധകർക്കും വലിയ ഇഷ്‌ടമാണ്.എന്നാൽ മറഡോണയോടുള്ള ആരാധന ഒരു സെൽഫിയിലോ ഓട്ടോഗ്രാഫിലോ ഒതുക്കാൻ തയ്യാറല്ല അർജന്റീനയിലെ ആരാധകർ.
മറഡോണയ്ക്കായി ഒരു ആരാധനാലയവും പ്രത്യേക മതവുമാണ് ആരാധകർ രൂപീകരിച്ചത് മറഡോണയുടെ ജന്മനാടായ റൊസാരിയോയിലാണ് താരത്തിനായി ആരാധനാലയം കെട്ടിപ്പൊക്കിയിട്ടുള്ളത്. ഡീഗോ മറഡോണയുടെ ബഹുമാനാർത്ഥം ഇഗ്ലേഷ്യ മറഡോണിയാന എന്ന പേരിലാണ് ആരാധനാലയം പണിതിട്ടുള്ളത്.
മറഡോണയോടുള്ള ആരാധനയാൽ പള്ളിയിലെ സമയം ക്രമം പോലും താരത്തിന്റെ ജനനതീയതിയുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. മറഡോണയ്‌ക്ക് 60 വയസു പൂർത്തിയായ ഈ വർഷത്തെ എ.ഡി ( ആഫ്റ്റർ ഡീഗോ) 60 എന്നാണ് ഇവിടെയുള്ള ആരാധകർ വിശേഷിപ്പിക്കുന്നത് പോലും. "എനിക്ക് യുക്തിസഹമായ ഒരു മതമുണ്ട്, അതാണ് കത്തോലിക്കാ സഭ, എന്റെ ഹൃദയത്തിൽ ഒരു മതമുണ്ട് അതാണ് ഡീഗോ മറഡോണ." മറഡോണയുടെ ഒരു ആരാധകൻ പറഞ്ഞു.
തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് രണ്ടാഴ്ചയ്ക്ക് മുമ്പ് ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് ഹൃദയാഘാതെ തുടർന്ന് മറഡോണ മരണപ്പെടുന്നത്. മറഡോണയുടെ മരണത്തോടെ പകരം വയ്ക്കാനാകാത്ത ഒരു ഫുട്‌ബോൾ താരത്തെയാണ് കായിക ലോകത്തിന് നഷ്‌ടമായത്.