പന്തുകളിക്കാനായി ദൈവം സൃഷ്ടിച്ച മഹാത്ഭുതമായിരുന്നു ഡീഗോ അർമാൻഡോ മറഡോണ. ആറു പതിറ്റാണ്ടുകൾ മാത്രമാണ് ഈ ഭൂമിയിൽ ആ മാന്ത്രിക ജന്മത്തിന് ദൈവം ആയുസുനൽകിയത്. എന്നാൽ അറുന്നൂറാണ്ടുകൾ ആഘോഷിച്ചാലും തീരാത്ത മായാജാലം അവശേഷിപ്പിച്ചാണ് ഫുട്ബാളിലെ ദൈവത്തിന്റെ കൈയുടെ അവകാശി മാഞ്ഞുപോകുന്നത്. കളിക്കളത്തിൽ പ്രതിഭാവിലാസം കൊണ്ട് വിസ്മയം തീർത്തപ്പോഴും ജീവിതത്തിൽ അച്ചടക്കരാഹിത്യത്തിന്റെ ഉന്മാദവഴികൾ താണ്ടി ഡീഗോ ലോക ഫുട്ബാളിന് അർജന്റീന ജന്മം നൽകിയ ഇതിഹാസമെന്നതിനുമപ്പുറത്തേക്കുള്ള ഖ്യാതി നേടിയിരുന്നു.
ബ്യൂണസ് അയേഴ്സ് പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് പട്ടിണിയുമായി പടവെട്ടിയിരുന്ന കുടുംബത്തിൽ നാല് സഹോദരിമാരുടെ കുഞ്ഞനിയനായി പിറന്ന ഡീഗോ എട്ടാം വയസുമുതൽ കാൽപ്പന്തുകളിയിലെ തന്റെ മികവുകൊണ്ട് ലോകത്തെ വിസ്മയിപ്പിക്കാൻ തുടങ്ങിയതാണ്. തന്റെ കൗമാരവും യൗവനവും ലോക ഫുട്ബാളിന്റെ തന്നെ ആഘോഷങ്ങളാക്കി മാറ്റിയ ഡീഗോ അർജന്റീനയുടെ ഫുട്ബാൾചരിത്രത്തിലെ എന്നെന്നും ഒാർക്കാൻ ആഗ്രഹിക്കുന്ന നിരവധി മുഹൂർത്തങ്ങൾ സൃഷ്ടിച്ച ശേഷം ഒരിക്കലും ഒാർമ്മിക്കാൻ ആഗ്രഹിക്കാത്ത രീതിയിൽ കളിക്കുപ്പായം അഴിച്ചുവച്ചയാളാണ്. 1986ലെ മെക്സിക്കോ ലോകകപ്പ് ഫൈനലിൽ ഡീഗോ കിരീടമേറ്റുവാങ്ങുമ്പോൾ നൂറ്റാണ്ടിന്റെ ഗോളിന്റെ ഖ്യാതിയും ദൈവത്തിന്റെ കൈയുടെ അപഖ്യാതിയും ഒപ്പമുണ്ടായിരുന്നു. നാലുവർഷങ്ങൾക്ക് ശേഷം പശ്ചിമ ജർമ്മനിയോട് ഫൈനലിൽ അർജന്റീന തോൽക്കുമ്പോൾ ആരാധകർ കണ്ണീരൊഴുക്കുകയായിരുന്നുവെങ്കിൽ 1994 ലോകകപ്പിനിടെ ഉത്തേജകമരുന്നടിക്ക് പിടിയിലായി തലകുനിച്ച് മടങ്ങുമ്പോൾ അമ്പരന്ന് നിൽക്കുകയായിരുന്നു അവർ.
പിന്നീട് മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും നീരാളിക്കൈകളിൽപ്പെട്ട് ആശുപത്രിക്കിടക്കകളിലെ സ്ഥിരക്കാരനായ ഡീഗോ മരണത്തിന്റെ പടിവാതിൽക്കലെത്തി പലകുറി തിരിച്ചുവന്നു. തന്നെ പൂട്ടാനെത്തുന്ന ഡിഫൻഡർമാരെ മുന്നോട്ടും പിന്നോട്ടുമുള്ള ദ്രുതചലനങ്ങൾകൊണ്ട് കബളിപ്പിച്ച് ഗോളിലേക്ക് മുന്നേറുന്ന തന്നിലെ പ്രതിഭയുടെ സഞ്ചാരംപോലെ ഒടുവിൽ രോഗങ്ങളെ ചിതറിത്തെറിപ്പിച്ച് ഡീഗോ പരിശീലകന്റെ വേഷത്തിൽ കളിക്കളത്തിൽ തിരികെയെത്തി. 2010 ലോകകപ്പിൽ സാക്ഷാൽ മെസിയുടെ നേതൃത്വത്തിലിറങ്ങിയ അർജന്റീനയുടെ കോച്ചായി.
എന്നാൽ, മറഡോണയ്ക്ക്ശേഷം മറ്റാെരു അർജന്റീനക്കാരന് ഏറ്റുവാങ്ങാനാകാത്ത ഉയരത്തിൽ ഇന്നും ലോകകപ്പ് നിലകൊള്ളുന്നു. മുൻനിരയിലെങ്ങുമില്ലെങ്കിലും പരിശീലകനായി മറഡോണ സജീവമായിരുന്നു. കഴിഞ്ഞ മാസമാണ് ലോകം ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെയുടെ 80-ാം പിറന്നാൾ ആഘോഷിച്ചത്. പിന്നാലെ മറഡോണയുടെ 60-ാം പിറന്നാളും. ഒക്ടോബറിൽ പിറന്ന രണ്ട് പ്രതിഭകളിൽ പെലെയോ ഡീഗോയോ കേമൻ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താൻ കഴിയാതെ കുഴങ്ങുകയാണ് ലോകം. ഒരു പക്ഷേ അതിന് കൃത്യമായൊരു ഉത്തരവുമില്ലായിരിക്കാം.
മറഡോണയിലെ കളിക്കാരനെയോ ആ വ്യക്തിയുടെ സ്വഭാവ സവിശേഷതകളെയോ പൂർണമായി ഇഴപിരിച്ച് മനസിലാക്കിയെടുക്കാൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ല. എല്ലാറ്റിന്റെയും അങ്ങേയറ്റമാണ് മറഡോണ. പ്രതിഭയിലും പ്രതിക്കൂട്ടിലും അയാൾക്ക് മേലേ മറ്റാെരാളില്ല തന്നെ. നെഗറ്റീവും പോസിറ്റീവും ഒരേ ഉടലിൽ കൊണ്ടുനടക്കുന്ന ബാറ്ററിപോലൊരു വിസ്മയ ഉൗർജപ്രവാഹമാണ് ഡീഗോ.