തൃശൂർ: കോൺഗ്രസ് നേതാവിന്റെ പക്കൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടും, നോട്ട് പ്രിന്റ് ചെയ്യുന്ന സാമഗ്രികളും കർണ്ണാടക പൊലീസ് പിടിച്ചെടുത്ത സംഭവത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കള്ളനോട്ടടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ്‌കുമാർ. കൈപ്പറമ്പ് പഞ്ചായത്ത് 16ാം വാർഡിലെ അഭിലാഷിന്റെ പക്കൽ നിന്നാണ് പൊലീസ് കള്ളനോട്ടടക്കം പിടിച്ചെടുത്തത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന നേതാവാണ് അഭിലാഷ്. ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഖജാൻജി കൂടിയാണ് ഇയാൾ. അനിൽ അക്കര എം.എൽ.എ ഉൾപ്പെടെയുള്ളവരുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. കള്ളനോട്ടടിക്ക് പിന്നിലെ ഉന്നത ബന്ധം തെളിയിക്കാൻ അന്വേഷണ പരിധിയിൽ കോൺഗ്രസ് നേതാക്കളേയും ഉൾപ്പെടുത്തണമെന്നും സംഭവത്തിൽ കേരള പൊലീസും സമഗ്ര അന്വേഷണത്തിന് തയ്യാറാവണമെന്നും അനീഷ്‌കുമാർ ആവശ്യപ്പെട്ടു.