food-kit

നിലമ്പൂർ: 2019ൽ പ്രളയബാധിതർക്ക് വിതരണം ചെയ്യാൻ രാഹുൽ ഗാന്ധി എം.പി അനുവദിച്ച ഭക്ഷ്യക്കിറ്റുകൾ പുഴുവരിച്ച നിലയിൽ കെട്ടിടമുറിയിൽ കണ്ടെത്തിയത് വിവാദമായി. വസ്ത്രങ്ങൾ, പുതപ്പുകൾ, ഷീറ്റുകൾ എന്നിവയും വിതരണം ചെയ്യാതെ കൂട്ടിയിട്ട നിലയിലായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഡി വൈ എഫ് ഐയും സി.പി.എമ്മും ചൊവ്വാഴ്ച്ച രാത്രി തന്നെ പ്രതിഷേധവുമായി രംഗത്തെത്തി.

ബുധനാഴ്ച്ചയും പ്രതിഷേധം തുടർന്നു. പാവങ്ങൾക്ക് നൽകാതെ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചത് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ചയാണെന്നും ഇതിന് ജനങ്ങളോടു മറുപടി പറയേണ്ടിവരുമെന്നും നേതാക്കൾ പറഞ്ഞു. കിറ്റുകൾ വിതരണം ചെയ്യാൻ നേതൃത്വം നൽകിയിരുന്നവർ ഇന്ന് സ്ഥാനാർത്ഥികളാണെന്നും വോട്ടർമാരെ സ്വാധീനിക്കാൻ സൂക്ഷിച്ചതാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും സി.പി.എം നേതാക്കൾ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സേവ് കോൺഗ്രസ് പ്രവർത്തകരും നിലമ്പൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.