india-covid

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇതോടെ 92,66,706 ആയി. ഒരു ദിവസത്തിനിടെ 524 പേർ മരണമടഞ്ഞു.ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,35,223 ആയി. 4,52,344 പേർ നിലവിൽ രാജ്യത്ത് കൊവിഡ് ചികിത്സയിലാണ്. 24 മണിക്കൂറിൽ 36,367 രോ​ഗമുക്തി നേടിയെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 86,79,138 പേ‌‌ർ രോ​ഗമുക്തരായി. കഴിഞ്ഞ ദിവസം പരിശോധിച്ചത് 10,90,238 സാമ്പിളുകളാണെന്ന് ഐസിഎംആർ അധികൃതർ അറിയിച്ചു. കൊവിഡ് ശക്തമായി തുടരുന്ന ഡൽഹിയിൽ ഡോർ ടു ഡോർ സർവെയിൽ 57 ലക്ഷം പേരെ പരിശോധിച്ചതിൽ 13,500 പേർക്ക് മാത്രമേ രോഗം കണ്ടെത്താനായുള‌ളൂ. സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായിക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ ഒന്നാമത് കേരളമാണ്. 6491 പുതിയ കേസുകളാണ് സംസ്ഥാനത്തുണ്ടായത്. രണ്ടാം സ്ഥാനത്തുള‌ള മഹാരാഷ്‌ട്രയിൽ 6159 പുതിയ കൊവിഡ് കേസുകളാണ്. മൂന്നാമതായുള‌ള ഡൽഹിയിൽ 5246 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഗുജറാത്തിൽ രണ്ടാംഘട്ട കൊവിഡ് വ്യാപനം ആരംഭിച്ചു. 1540 പേർക്കാണ് ബുധനാഴ്‌ച ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. രാജസ്ഥാനിലും പ്രതിദിന കൊവിഡ് രോഗബാധ കൂടുതലാണ്. 3285 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.