esaf

കൊച്ചി: ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മഗാന്ധിയുടെ വാക്കുകൾക്ക് സാമ്പത്തികരംഗത്തും ഏറെ പ്രസക്തിയുണ്ടെന്ന് അടിവരയിടുന്നതാണ്, തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ പ്രവർത്തനങ്ങൾ.

സാമ്പത്തിക ഉൾപ്പെടുത്തൽ (ഫിനാൻഷ്യൽ ഇൻക്ളൂഷൻ) 'ഫോക്കസ്" ചെയ്‌ത് മാതൃകാപരമായി മുന്നേറുന്ന ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെ. പോൾ തോമസ് 'കേരളകൗമുദി"യോട് സംസാരിക്കുന്നു.

 കൊവിഡ് താണ്ഡവമാടിയ മാസങ്ങളാണ് കടന്നുപോയത്. എന്നാൽ, സമ്പദ്‌വർഷത്തിന്റെ ആദ്യ പകുതിയിൽ ഇസാഫ് ബാങ്കിന്റെ ലാഭം 41 ശതമാനം ഉയർന്നു. നേട്ടത്തിന്റെ രഹസ്യം?​

കൊവിഡിൽ,​ മാർച്ച് മുതൽ ആഗസ്‌റ്റ് വരെ മോറട്ടോറിയം കാലമായിരുന്നു. എന്നാൽ, ഏപ്രിൽ-സെപ്‌തംബർ കാലയളവിൽ 2019ലെ സമാനകാലത്തേക്കാൾ 35 ശതമാനം വളർച്ച ബിസിനസിലുണ്ടായി. ചെലവുകൾ കുറഞ്ഞു. ഡെപ്പോസിറ്റ് ചെലവ് അല്പം കുറഞ്ഞതും ഗുണമായി. ഇതോടെ, കോസ്‌റ്റ് - ടു - ഇൻകം അനുപാതവും കുറഞ്ഞതിനാൽ ലാഭം മെച്ചപ്പെട്ടു.

 ഈവർഷം 29 പുതിയ ശാഖകൾ തുറന്നല്ലോ. പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രദ്ധിക്കുന്ന മേഖലകൾ?

ചണ്ഡീഗഢ്, പനവേൽ, സൂററ്റ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ. പാലക്കാട്ടെയും മലപ്പുറത്തെയും വയനാട്ടെയും പിന്നാക്ക മേഖലകളിലും ശാഖ തുറന്നു.

ബാങ്കിംഗ് സേവനങ്ങൾ കുറവുള്ള സ്ഥലങ്ങളിലാണ് ശ്രദ്ധ. പുതിയ ശാഖകളിൽ 25 ശതമാനം ഇത്തരം സ്ഥലങ്ങളിലാവണമെന്ന് റിസർവ് ബാങ്ക് നിർദേശമുണ്ട്. എല്ലാവർക്കും ബാങ്കിംഗ് സേവനമാണ് (സാമ്പത്തിക ഉൾപ്പെടുത്തൽ) ഇസാഫിന്റെ ഫോക്കസ്. അത്, ബാങ്കാവുന്നതിന് മുമ്പേയുണ്ട്.

 എവിടെയാണ് കൂടുതൽ വളർച്ച പ്രതീക്ഷ?

ജി.ഡി.പിയിൽ 47 ശതമാനം പങ്കുവഹിക്കുന്ന ഗ്രാമങ്ങളാണ് ഇന്ത്യയുടെ ശക്തി. പക്ഷേ, വായ്‌പകളിൽ 10 ശതമാനമേ ഗ്രാമങ്ങളിലുള്ളൂ. അതായത്, വളർച്ചയ്ക്കുള്ള വലിയ 'പൊട്ടൻഷ്യൽ" അവിടെയുണ്ട്. അത്, പ്രയോജനപ്പെടുത്തണം.

ചെറുകിട-ഇടത്തരം വരുമാനക്കാർ ഇന്ത്യയിൽ അതിവേഗം സാമ്പത്തികഭദ്രത നേടുന്നുണ്ട്. തീരെ പാവപ്പെട്ടവർ കുറയുകയാണ്. സാമ്പത്തിക ഭദ്രത ഉണ്ടാവുമ്പോൾ സ്വാഭാവികമായും അഭിലാഷങ്ങൾ കൂടും. വീട്, വാഹനം തുടങ്ങിയ ആഗ്രഹങ്ങളുണ്ടാകും.

ഇവിടെ, ധനകാര്യ സ്ഥാപനങ്ങൾക്ക് വലിയൊരു 'റോൾ" ഉണ്ട്. ആ റോളിൽ തിളങ്ങാനാണ് ശ്രമം. അതിനുള്ള വൈദഗ്ദ്ധ്യം ഇസാഫിനുണ്ട്.

 ഇസാഫിന്റെ വായ്‌പകൾ?

90 ശതമാനം വായ്പകളും മൈക്രോഫിനാൻസ് ഗ്രൂപ്പുകൾക്ക് നൽകുന്നവയാണ്. 33,000 രൂപയാണ് ശരാശരി ടിക്കറ്റ് സൈസ്. കേരളത്തിൽ ഇത് 50,000 രൂപയ്ക്കുമേൽ വരും.

കൊവിഡിൽ, നിലവിലെ വായ്‌പാ ഇടപാടുകാർക്കായി കൊവിഡ് കെയർ പോലെയുള്ള ലോണുകൾ അവതരിപ്പിച്ചു. ഗോൾഡ് ലോണിനും അത്മനിർഭർ പാക്കേജിലെ 'പി.എം-സ്വനിധി" പദ്ധതിക്കും പ്രിയമുണ്ട്. രജിസ്‌ട്രേഷനുള്ള വഴിയോര കച്ചവടക്കാർക്ക് പലിശയിൽ ഏഴ് ശതമാനം കേന്ദ്ര ഇളവോടെ 10,000 രൂപവരെ വായ്‌പ നൽകുന്നതാണ് സ്വനിധി.

ചെറുകിട കച്ചവടക്കാർക്ക് വ്യാപാർ വികാസ് യോജന പ്രകാരം പ്രതിദിന കളക്ഷനോട് കൂടിയ വായ്‌പ, ഒരുലക്ഷം മുതൽ 10 ലക്ഷം രൂപവരെ മൂന്നുവിഭാഗങ്ങളിലായി നൽകുന്ന മൈക്രോ എന്റർപ്രൈസസ് ലോൺ എന്നിവയും കൊവിഡ് കാലത്ത് അവതരിപ്പിച്ചു. 44 ലക്ഷം ഇടപാടുകാരുണ്ട് ഇസാഫിന്. ഇതിൽ 30 ലക്ഷം വായ്‌പാ ഇടപാടുകാരാണ്. കേരളത്തിൽ, പത്തുലക്ഷത്തോളം പേർ വരും.

 ഓഹരി വിപണിയിലേക്ക് കടക്കുകയാണ്?

നടപ്പുവർഷം തന്നെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) നടത്തണമെന്നാണ് നേരത്തേ തീരുമാനിച്ചത്. ഇതിനുള്ള അപേക്ഷ (ഡി.ആർ.എച്ച്.പി) സമർപ്പിച്ചത് സെബി അംഗീകരിച്ചു. കൊവിഡ് മൂലം നടപടികൾ നീളുകയാണ്.

976 കോടി രൂപ സമാഹരിക്കാനായിരുന്നു തീരുമാനം. സമാഹരണം 50 ശതമാനം വരെ കുറയ്ക്കാനും കൂട്ടാനും സെബിയുടെ ചട്ടപ്രകാരം കഴിയും. വിപണി സഹാചര്യം നോക്കിയാകും അന്തിമതീരുമാനം.

 റിസർവ് ബാങ്ക് പാനലിന്റെ പുതിയ നിർദേശങ്ങളെ എങ്ങനെ കാണുന്നു?

പൊതുവേ ഗുണകരമാണവ. എൻ.ബി.എഫ്.സികൾക്ക് ബാങ്കാകാനുള്ള അവസരം കിട്ടുന്നത് വായ്‌പാ വിതരണത്തിൽ ഗുണം ചെയ്യും. ഓഹരി ലിസ്‌റ്റിംഗിന് നിലവിലെ മൂന്നുവർഷത്തിൽ നിന്ന് ആറുവർഷം സമയം നൽകുമ്പോൾ ഉചിതമായ തീരുമാനമെടുക്കാൻ സാവകാശം കിട്ടും. പ്രമോട്ടർമാരുടെ ഓഹരി പങ്കാളിത്തം ഉയർത്തുന്നതും കോർപ്പറേറ്റുകളെ പ്രമോട്ടർമാർ ആക്കുന്നതും ഉൾപ്പെടെയുള്ള നിർദേശങ്ങൾ നടപ്പാകുമോയെന്ന് കണ്ടറിയണം.

 ഇസാഫിന്റെ ഡിജിറ്റൽ സേവനങ്ങൾ?

50 ശതമാനം ഇടപാടുകളും ഡിജിറ്റലാണ്. ഭാരത് ബിൽ പേമെന്റിൽ എൻ.പി.സി.ഐയുടെ ഓണം കാമ്പയിനിൽ ഇസാഫിനായിരുന്നു രണ്ടാംസ്ഥാനം. ഇടപാടുകാർക്ക് കൂടുതൽ ഡിജിറ്റൽ സൊല്യൂഷനുകൾ നൽകാൻ ഞങ്ങൾ അടുത്തിടെ ഫിൻടെക് കോൺക്ളേവും നടത്തിയിരുന്നു.

ചെറുകിട കച്ചവടക്കാർക്ക് വായ്പയ്ക്ക് പുറമേ, ഡിജിറ്റൽ പേമെന്റ് സോല്യൂഷനും ഞങ്ങൾ കൊടുക്കുന്നുണ്ട്. വരുമാന മാർഗത്തിന് ഒരു സ്രോതസ് രേഖപ്പെടുത്താൻ അതിലൂടെ അവർക്ക് കഴിയും. ഇതവർക്ക് ഭാവിയിൽ വലിയ ഗുണം ചെയ്യും. താഴെത്തട്ടിലുള്ള ഇത്തരക്കാരെ 'സംഘടിത സമ്പഗ്‌രംഗത്തേക്ക്" കൊണ്ടുവരികയെന്ന രാജ്യത്തിന്റെ ലക്ഷ്യത്തിനും അത് സഹായകമാണ്.

 കൊവിഡ് കാലത്ത് എഫ്.ഡി നിരക്കുകൾ വൻതോതിൽ കുറഞ്ഞല്ലോ?

പലിശ മാത്രമായിരുന്നു സ്ഥിരനിക്ഷേപങ്ങളുടെ (എഫ്.ഡി) ആകർഷണം എന്ന് കരുതുന്നില്ല. സുരക്ഷിതത്വവും പ്രധാനമാണ്. പലിശനിരക്ക് കുറഞ്ഞെങ്കിലും എഫ്.ഡികൾക്കുള്ള സ്വീകാര്യത നഷ്‌ടപ്പെട്ടിട്ടില്ല.

 ഇസാഫിന്റെ സി.എസ്.ആർ പ്രവർത്തനങ്ങൾ?

പാവപ്പെട്ടവർക്കൊപ്പം പ്രവർ‌ത്തിക്കുന്ന ബാങ്കാണ് ഇസാഫ്. ലാഭത്തിന്റെ അഞ്ചുശതമാനം ഞങ്ങൾ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്കായി (സി.എസ്.ആർ) മാറ്റിവയ്ക്കുന്നുണ്ട്.

സാധാരണക്കാർക്ക് തൊഴിൽ വരുമാനം കൂട്ടാൻ സ്‌കിൽ ട്രെയിനിംഗ്, സംരംഭക പരിശീലനം, കൃഷിക്കാർക്ക് ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള പിന്തുണ, കുട്ടികൾക്ക് പഠനസൗകര്യം ഉറപ്പാക്കാൻ 'ബാലജ്യോതി" ക്ളബ്ബുകൾ എന്നിങ്ങനെ ഒട്ടേറെ പ്രവർ‌ത്തനങ്ങളുണ്ട്. പരിശീലന പദ്ധതികളിൽ സ്‌ത്രീ പങ്കാളിത്തമാണ് കൂടുതൽ.

ഇസാഫ് ബാങ്ക്

 റിസർവ് ബാങ്കിൽ നിന്ന് സ്മാൾ ഫിനാൻസ് ബാങ്ക് ലൈസൻസ് നേടി 2017 മാ‌ർച്ചിൽ പ്രവർത്തനാരംഭം. ആസ്ഥാനം തൃശൂർ.

 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിലവിൽ 500 ശാഖകൾ, 40 ലക്ഷം ഇടപാടുകാർ.

 നടപ്പുവർഷം ഏപ്രിൽ-സെപ്‌തംബറിൽ ലാഭം 41 ശതമാനം ഉയർന്ന് 130.42 കോടി രൂപ. മൊത്തം ബിസിനസ് 35 ശതമാനം ഉയർന്ന് 15,582 കോടി രൂപ.

 മൊത്തം നിഷ്‌ക്രിയ ആസ്‌തി 1.32%, അറ്റ നിഷ്‌ക്രിയ ആസ്‌തി 0.19%