സ്മാർട്ട് ഫോണെടുത്ത് കളിക്കുന്ന കുട്ടികളൊക്കെ എത്ര സ്മാർട്ടാ എന്ന് പറയുന്നവരാണ് നമ്മളിൽ പലരും, എന്നാൽ സ്മാർട്ടായ ഒരു മൂന്ന് വയസുകാരൻ സ്വന്തം അമ്മയുടെ പണം കാലിയാക്കിയ സംഭവമാണ് ഇനി പറയുന്നത്. ബ്രസീലിലെ റെസിഫിലെ ഒരു അപ്പാർട്ട്‌മെന്റിലെ മൂന്ന് വയസുകാരനാണ് അമ്മയുടെ സ്മാർട്ട് ഫോണെടുത്ത് കളിച്ചത്. ഫാസ്റ്റ് ഫുഡ് ശൃംഘലയായ മക്‌ഡൊണാൾഡിലേക്കാണ് സന്ദേശം പോയത്. അമ്മയുടെ കാശല്ലേ കാര്യമായി തന്നെ മകൻ ഓർഡറും ചെയ്തു. ഉദ്ദേശം 5400 രൂപയുടെ ആഹാര സാധനങ്ങളാണ് കുട്ടി ഓൺലൈനായി ഓർഡർ ചെയ്തത്.
പത്തോളം ബാഗുകളിലായിട്ടാണ് ആഹാരം വീട്ടിലെത്തിയത്. ഫുഡ് ഡെലിവറി ചെയ്തപ്പോൾ മാത്രമാണ് 32കാരിയായ അമ്മ റെയ്സ മകന്റെ ചെയ്ത്തറിഞ്ഞത്. ആഹാരത്തിന് മുൻപിൽ ഹാപ്പിയായി ഇരിക്കുന്ന കുഞ്ഞിന്റെ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ആഹാരം പാഴാക്കാൻ കഴിയാത്തതിനാൽ അയൽവാസികൾക്ക് നൽകിയാണ് കുടുംബം പത്ത് ബാഗിലെത്തിയ ഫുഡ് തീർത്തത്. മൂന്ന് വയസുകാരന്റെ പ്രവൃത്തിയിൽ അമ്മയുടെ കാശ് പോയെങ്കിലും അയൽവാസികൾ കുഞ്ഞിന്റെ മിടുക്കിൽ സന്തോഷിക്കുകയാവും. കുട്ടികൾക്ക് കളിക്കാനായി ഫോൺ നൽകുന്ന മാതാപിതാക്കൾക്ക് ഒരു പാഠമാണ് ഈ സംഭവം.
കഴിഞ്ഞ ഓഗസ്റ്റിൽ മൂന്ന് വയസുകാരൻ അച്ഛന്റെ ഫോൺ ഉപയോഗിച്ച് മക്‌ഡൊണാൾഡിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തതും വാർത്തയായിരുന്നു. അന്ന് സാമാന്യം വലിയ തുക ഡെലിവറി ബോയിക്ക് ടിപ് വരെ ഓൺലൈനായി കുട്ടി നൽകിയിരുന്നു.