കേരളത്തിൽ ഏറെ വിവാദമുണ്ടാക്കിയ കേസുകളിലൊന്നാണ് പോൾ മുത്തൂറ്റ് വധക്കേസ്. 2009 ഓഗസ്‌റ്റ് 22ന് അർദ്ധരാത്രിയാണ് മുത്തൂറ്റ് ഗ്രൂപ്പ് എന്ന വൻ വ്യവസായ സാമ്രാജ്യത്തിലെ ഇളമുറക്കാരൻ പോൾ അരുംകൊല ചെയ്യപ്പെട്ടത്. മുത്തൂറ്റ് എം ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും ഹോസ്പിറ്റാലിറ്റി ഡിവിഷൻ ഡയറക്ടറുമായിരുന്നു മരിച്ച പോൾ.
കൂട്ടുകാരുമൊത്ത് പോൾ, കാറിൽ കുട്ടനാട്ടിലെ ചമ്പക്കുളത്തുള്ള മൂത്തൂറ്റ് ഗ്രൂപ്പ് വക അതിഥിമന്ദിരത്തിലേക്ക് പോകുമ്പോഴായിരുന്നു കൊലപാതകം. എ.സി. റോഡിൽ ചങ്ങനാശ്ശേരി പൊങ്ങ ജ്യോതി ജംഗ്ഷനിലാണ് കൃത്യം നടന്നത്. ഏറെ അകലെയല്ലാതെയുള്ള കൈതവന ജംഗ്ഷനിൽ പോൾ ഓടിച്ച കാർ ഒരു ബൈക്ക് ഇടിച്ചുതെറിപ്പിച്ചിരുന്നു. വാനിലെത്തിയ സംഘം ഇത് ചോദ്യംചെയ്യുകയും കാർ വിട്ടുപോയ പോളിന്റെ പിന്നാലെയെത്തി സംഘർഷമുണ്ടാക്കി കൊലപ്പെടുത്തിയെന്നുമാണ് കേസ്. വിൻസൻ എം പോൾ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് ആദ്യം അന്വേഷിച്ചത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ അതൃപ്‌തിവന്നതിന് പിന്നാലെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോഴിതാ, കേസുമായി ബന്ധപ്പെട്ട് അന്ന് നടന്ന ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് വിൻസൻ എം പോൾ. എസ് കത്തി എന്ന വെളിപ്പെടുത്തൽ നടത്തിയത് കൊട്ടേഷൻ സംഘത്തിലെ കാരി സതീശൻ അല്ലെന്നാണ് വിൻസൻ എം പോളിന്റെ വെളിപ്പെടുത്തൽ. കൗമുദി ടിവിയുടെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
വിൻസൻ എം പോളിന്റെ വാക്കുകൾ-
'സത്യത്തിൽ കൊലപാതകം നടത്തിയത് പോളിനോട് യാതൊരു വ്യക്തി വിരോധവുമില്ലാത്ത ഒരു ടീം ആയിരുന്നു. മറ്റൊരു കൊട്ടേഷന് പോകുന്ന സമയത്ത്, ഇവർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറിന്റെ വീൽ ഊരിപോവുകയും അത് ശരിയാക്കാൻ ശ്രമിക്കുന്നതിനിടെ പോളിന്റെ വാഹനം അതുവഴി വന്ന മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. പോൾ വണ്ടി നിറുത്താതെ പോയി. നല്ല മദ്യലഹരിയിലായിരുന്ന ഗുണ്ടകൾ പോളിനെ ചെയ‌്സ് ചെയ‌്തു. ഒന്നര കിലോമീറ്റർ മുന്നോട്ടു ചെന്ന് അവർ പോളുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. ആ സമയത്താണ് കാരി സതീശൻ എന്ന വ്യക്തി പോളിനെ പുറകിൽ നിന്ന് കുത്തിയത്.
'എസ് കത്തി'യാണ് ഞങ്ങൾ ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തിയത് ഗുണ്ടാ ഗ്യാംഗിലുണ്ടായിരുന്ന ജയചന്ദ്രൻ എന്ന ചങ്ങനാശ്ശേരിക്കാരനാണ്. എനിക്ക് വിശ്വാസം വരാത്തതുകൊണ്ട് അവനത് വരച്ചുകാണിച്ചു. രണ്ട് സൈഡും മൂർച്ചയുള്ള ഏകദേശം എസ് ആകൃതി വരുന്ന ആയുധം. അതായിരുന്നു എസ് കത്തി എന്ന് അയാൾ ഉദ്ദേശിച്ചത്'.