തിരുവനന്തപുരം: സ്‌പ്രിംഗ്ളർ വിഷയത്തിൽ സർക്കാരിന്റെ മുഖം നഷ്‌ടപ്പെടുത്തുന്നതായിരുന്നു ആദ്യം നിയോഗിച്ച മാധവൻ നമ്പ്യാർ റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് രണ്ടാമതൊരു കമ്മീഷനെ വച്ചതെന്നും ഇത് അസാധാരണമാണെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വാദങ്ങൾ പൊളിച്ചടുക്കുന്നതായിരുന്നു ആദ്യ കമ്മീഷൻ റിപ്പോർട്ട്. മുൻ നിയമ സെക്രട്ടറി കെ.എസ് ശശിധരനെ നിയോഗിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നത് മാധവൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടിനെ അട്ടിമറിക്കാനാണ്. സർക്കാരിന് അനുകൂലമായ റിപ്പോർട്ട് വേണമെന്ന് അവർ ആഗ്രഹിക്കുന്നു. ആദ്യ കമ്മിറ്റിയുടെ റിപ്പോർട്ട് തന്നെയാണ് രണ്ടാമത് കമ്മിറ്റിയും പുറത്ത് വിടുക. ശിവശങ്കർ ഇടപെട്ട സ്‌പ്രിംഗ്ളർ ഡാറ്റ ഇടപാടിൽ നടന്ന അഴിമതി പ്രതിപക്ഷമാണ് പുറത്ത് കൊണ്ടുവന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്ര ധനകാര്യമന്ത്രാലയം ഉപേക്ഷിച്ച കെ റെയിൽ പദ്ധതി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത് റിയൽ എസ്‌റ്റേറ്റ് കുംഭകോണത്തിനും അഴിമതിയ്‌ക്കുമാണ്. സർക്കാർ നടപ്പാക്കാനൊരുങ്ങിയ കെ-ഫോൺ, ഇ മൊബിലിറ്റി, ബ്രുവറി-ഡിസ്‌റ്റിലറി, സ്‌പ്രിംഗ്‌ളർ ഡാറ്റ കച്ചവടം, പമ്പയിലെ മണൽകടത്ത് എന്നിവയിലെ ക്രമക്കേടുകൾ കെ-റെയിൽ പദ്ധതിയെ കുറിച്ചും സംശയം ജനിപ്പിക്കുന്നു. അതിനാൽ കെ റെയിൽ പദ്ധതിയ്‌ക്ക് മുൻപ് സർവകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകി.
കെ റെയിലുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും സർവകക്ഷിയോഗം വിളിച്ച് ചർച്ച ചെയ്യണം. അതുവരെ കെ റെയിൽ പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനങ്ങളുണ്ടായിട്ടില്ല. കേന്ദ്ര ധനകാര്യമന്ത്രാലയം ഈ പദ്ധതി തളളിയതാണ്. കേന്ദ്ര സർക്കാരും കെ റെയിൽ പദ്ധതി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.