മറഡോണ എന്ന കൊതിപ്പിക്കുന്ന സ്വപ്നത്തെ മനസിന്റെ മൈതാനത്തിട്ട് തട്ടിക്കളിച്ച് ഐ.എം.വിജയൻ കളിച്ചു നടന്നു. പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റ് എന്ന നോവൽ വിജയൻ വായിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ
ആൽക്കെമിസ്റ്റിലെ പ്രശസ്തമായ ആ വാചകം വിജയന്റെ കാര്യത്തിൽ യാഥാർത്ഥ്യമായി. എന്തെങ്കിലും
നേടിയെടുക്കണമെന്ന് ഒരാൾ പൂർണ മനസോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായി
ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും എന്ന ആൽക്കെമിസ്റ്റിലെ വാചകം
വിജയനും ഡീഗോയ്ക്കും മദ്ധ്യേ സത്യമായി മാറി...
കോലോത്തുംപാടത്തെ വിജയൻ എന്ന പന്തുകളിപ്രാന്തൻ ഫുട്ബാളു തട്ടി നടക്കുന്ന കാലത്ത് ഒപ്പം കളിക്കുന്നവരോടൊരു വീമ്പു പറഞ്ഞു.
''ഡാ....ഞാനേ അർജന്റീനയ്ക്ക് പോകാൻ പോണു...""
കൂടെക്കളിക്കുന്നോര് അതു കേട്ട് കളി നിർത്തി വിജയനോടു ചോദിച്ചു.
''ന്തൂട്ടിനാടാ നിന്നെയിപ്പോ അങ്ങോട്ട് കെട്ടിയെടുക്കണേ....""
ഫുട്ബോൾ കാലുകൊണ്ട് പതിയെ തട്ടിത്തട്ടി വിജയൻ മറുപടി പറഞ്ഞു.
''ഞാനേ മ്മടെ ഡീഗോയെ കാണാൻ പൂവ്വാ....മറഡോണയെ....""
അതു കേട്ട് കൂട്ടുകാർ ആർത്തുചിരിച്ചു....പിന്നെ പറഞ്ഞു, ''ന്റെ വിജയാ നിനക്ക് തലയ്ക്ക് പ്രാന്താ....മറഡോണയെ കാണാൻ അർജന്റീനയ്ക്ക് പോകാത്രെ....നടക്കണ കാര്യണ്ടെങ്കില് പറയിഷ്ടാ...അയ്യന്തോള്ക്ക് പോക്വാ എന്ന് പറയും പോലെയല്ലേ അർജന്റീനയ്ക്ക് പോക്വാന്ന് പറയണേ...
നെനക്ക് തലയ്ക്ക് പ്രാന്താടാ...""
കുട്ടിയായിരുന്ന വിജയൻ വളർന്നപ്പോൾ ആ പ്രാന്തും കൂടെ വളർന്നു. കളിക്കളങ്ങളിൽ പന്തുകൾ തൊടുത്ത് ഗോളുകൾ എയ്തു വീഴ്ത്തിയപ്പോഴും വിജയൻ എന്ന ഫുട്ബാളറുടെ മനസിൽ ആ സ്വപ്നം ഒരു പെനാൽറ്റി കിക്കിനായി കാത്തുകിടന്നു. കേരളത്തിലും ഇന്ത്യൻ ഫുട്ബാളിലും താരവും സൂപ്പർതാരവുമായി ഐ. എം.വിജയൻ എന്ന ഫുട്ബാളർ പുതിയ മേൽവിലാസങ്ങൾ അടയാളപ്പെടുത്തിയപ്പോഴും ഡീഗോയെ ഒന്നു കാണുകയെന്ന ആഗ്രഹം വിജയന്റെ നടപ്പാകാത്ത മോഹമായി അവശേഷിച്ചു.
ഫുട്ബാളിന്റെ ദൈവത്തെ അത്ര എളുപ്പത്തിലൊന്നും കാണാൻ കഴിയില്ലെന്ന് വിജയനറിയാമായിരുന്നു. ലോകകപ്പ് ഫുട്ബാളുകൾ കാണാൻ തൃശൂരിലെ ഗോപു നന്തിലത്തടക്കമുള്ള സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും പോയിട്ടുണ്ടെങ്കിലും ഫുട്ബാൾ ദൈവം വിജയന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല. ലോകകപ്പ് കാണാനായി ഓരോ രാജ്യത്തേയും ആർത്തിരമ്പുന്ന ഗാലറികളിലിരിക്കുമ്പോൾ വിജയന്റെ കണ്ണുകൾ തേടിയിരുന്നത് ഡീഗോയെന്ന ആ ദൈവത്തെയാണ്. പക്ഷേ ദൈവം മാറിനിന്നു.
ആ കൊതിപ്പിക്കുന്ന സ്വപ്നത്തെ മനസിന്റെ മൈതാനത്തിട്ട് തട്ടിക്കളിച്ച് ഐ.എം.വിജയൻ കളിച്ചു നടന്നു. പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റ് എന്ന നോവൽ വിജയൻ വായിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ ആൽക്കെമിസ്റ്റിലെ പ്രശസ്തമായ ആ വാചകം വിജയന്റെ കാര്യത്തിൽ യാഥാർത്ഥ്യമായി. എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണ മനസോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും എന്ന ആൽക്കെമിസ്റ്റിലെ വാചകം വിജയനും ഡീഗോയ്ക്കും മദ്ധ്യേ സത്യമായി മാറി. ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ശാഖയുടെ ഉദ്ഘാടനത്തിനായി ബോബി കൊണ്ടുവന്നത് രാഷ്ട്രീയക്കാരെയോ സിനിമാതാരങ്ങളേയോ അല്ല...ഡീഗോ മറോഡോണയെ ആയിരുന്നു. മറഡോണ കേരളത്തിൽ എത്തുന്നതും അതാദ്യമായാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഫുട്ബാളിന്റെ ദൈവം എത്തുമ്പോൾ കാലോഹിരൺ കുതിച്ചെത്താതിരിക്കുമോ. തൃശൂരിൽ നിന്നും ഐ.എം.വിജയനും ജോപോൾ അഞ്ചേരിയുമടക്കമുള്ളവർ തങ്ങളുടെ ദൈവത്തെ കാണാൻ തലേന്നു തന്നെ കണ്ണൂരിലെത്തി.
ആദ്യം നിരാശ
മനസിൽ ലോംഗ്പാസുകളുമായി ഫുട്ബാൾ ദൈവത്തെ കാണാൻ കണ്ണൂരിലെത്തിയ ഇന്ത്യൻ ഫുട്ബാളിന്റെ കറുത്ത മുത്തിന് ആദ്യദിനം നൽകിയത് നിരാശയായിരുന്നു. അദ്ദേഹത്തെ ഹോട്ടൽ മുറിയിൽ ചെന്ന് ഒറ്റയ്ക്ക് സംസാരിക്കണമെന്ന സ്വപ്നമായിരുന്നു മനസിലുണ്ടായിരുന്നത്. ഒപ്പം ഒരു ഫോട്ടോയെടുക്കണം. മറഡോണയെ കാണാൻ ചെന്ന ആ രാത്രി. അന്ന് ഐ.എം. വിജയനും ജോ പോളുമെല്ലാമടങ്ങുന്ന സംഘം രാത്രി വൈകിയും മറഡോണ താമസിക്കുന്ന ഹോട്ടലിൽ ബോബിക്കൊപ്പം കാത്തിരുന്നു. എന്നാൽ മറഡോണ മുറിക്ക് പുറത്തേക്ക് വന്നില്ല. രാത്രി പത്തു പതിനൊന്നു മണിവരെ. ഡീഗോ ഇപ്പൊ വരും, ഇപ്പോ വരും എന്നു കരുതി കാത്തുകാത്തിരുന്നു. ഒടുവിൽ ബോബി വന്നു പറഞ്ഞു, നാളെ കാണാം, ഡീഗോ നല്ല ഉറക്കത്തിലാണെന്ന്. വലിയ നിരാശ സമ്മാനിച്ചാണ് അവിടെ നിന്ന് മടങ്ങിയത്. പക്ഷേ അന്ന് രാത്രി തനിക്ക് ഉറക്കമുണ്ടായിരുന്നില്ലെന്ന് വിജയൻ പറഞ്ഞു. പിറ്റേന്നും തന്റെ ദൈവത്തെകാണാൻ സാധിക്കില്ലേ എന്ന ടെൻഷനും.
കണ്ടമാത്രയിൽ
''പിറ്റേന്ന് ഡീഗോയെ കണ്ടു, രണ്ടു മിനുറ്റു നേരം മറഡോണക്കൊപ്പം പന്തു തട്ടി...എല്ലാം സ്വപ്നം പോലെ തോന്നി. ഒരിക്കലും നടക്കില്ലെന്ന് കണ്ട സ്വപ്നം യാഥാർത്ഥ്യമായതിന്റെ അനുഭൂതിയായിരുന്നു അപ്പോൾ. മറഡോണ എന്നെ ചേർത്തുപിടിച്ചപ്പോൾ പൂരം വെടിക്കെട്ടിന്റെ കൂട്ടപൊരിച്ചിലിൽ ഉണ്ടാകുന്ന പോലെ ഒരു കോരിത്തരിപ്പ്. ഫുട്ബാളിന്റെ ദൈവം എന്നെ ചേർത്ത് പിടിച്ച നിമിഷം . എന്റെ കണ്ണു നിറഞ്ഞു, സന്തോഷവും അഭിമാനവും കൊണ്ട്. കോലോത്തുംപാടത്ത് നിന്ന് ഇന്ത്യൻ ഫുട്ബാളിലേക്ക് ഉദിച്ചുയർന്ന വിജയന്റെ സ്വപ്ന സാക്ഷാത്കാരം. ഞാൻ പണ്ട് കളിക്കുമ്പോൾ മറഡോണയുടെ കളിനീക്കങ്ങൾ കളിക്കളത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതിന്റെ അയൽപ്പക്കത്ത് പോലും എത്താൻ സാധിച്ചിരുന്നില്ലെന്നും വിജയൻ ഓർമിക്കുന്നു. ടിവിയിൽ ഡീഗോയുടെ പല നീക്കങ്ങളും പാസുകളും കണ്ട് അതുപോലെ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടവനാണ് ഞാൻ. മറഡോണയിലൂടെയാണ് ഞാൻ അർജന്റീനയുടെ കട്ടഫാൻ ആയത്. അന്ന് മറഡോണ കാലിൽ പന്തുമായി ഗോൾപോസ്റ്റ് ലക്ഷ്യമാക്കി പായുമ്പോൾ ചായക്കടയിൽ ഇരുന്നിരുന്നവരെല്ലാം ഗാലറികളിലെന്ന പോലെ ആരവം മുഴക്കാറുണ്ട്. സത്യത്തിൽ എന്റെ ആത്മാർത്ഥ സുഹൃത്ത് കലാഭവൻ മണിയുടെ വിയോഗത്തിൽ എനിക്കുണ്ടായ ദുഃഖം പറഞ്ഞറിയിക്കാൻ സാധിക്കില്ല. അതുതന്നെയാണ് ഡീഗോയുടെ മരണത്തിലും എനിക്കുണ്ടായത്. വിജയന്റെ രണ്ട് കാലുകളിലും രണ്ട് ഇതിഹാസങ്ങളുടെ പേര് പച്ചക്കുത്തിയിട്ടുണ്ട്. ഇടത് കാലിന്റെ മസിലിൽ മറഡോണ നമ്പർ 10, വലതു കാലിൽ പെലെയുടെ ചിത്രം. ഇത് മാത്രം മതി വിജയന്റെ മറഡോണയോടുള്ള ആരാധനയുടെ അളവറിയാൻ. ഇങ്ങനെ എത്രയെത്ര ആരാധകർ മറഡോണയെന്ന ഫുട്ബാൾ മാന്ത്രികനെ മനസിൽ ആരാധിക്കുന്നു. കാൽപന്തുക്കളിയുടെ ആരവം മുഴങ്ങുന്ന കാലത്തോളം ഡീഗോയെന്ന പേര് മായാതെ നിൽക്കും. വിട ഡീഗോ....