chithranjali

തിരുവനന്തപുരം: നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിക്കുകയും പിന്നീട് തലസ്ഥാനത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായി മാറിയ ചിത്രാഞ്ജലി സ്റ്റുഡിയോ ഇപ്പോൾ അവഗണനയുടെ വക്കിലാണ്. എന്നാൽ,​ പഴയ പ്രതാപത്തിലേക്ക് മടങ്ങാൻ ചിത്രാഞ്ജലി ഒരുങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. ഇതിന്റെ ഭാഗമായി ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വികസനത്തിന് 66.8 കോടി രൂപയുടെ പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിന് കേരള ഇൻഫ്രാസ്‌ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബോർഡ് (കിഫ്ബി)​ അംഗീകാരം നൽകിയിട്ടുണ്ട്. കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ സാങ്കേതിക സമിതി പദ്ധതിരേഖയ്ക്ക് അംഗീകാരം നൽകി. തദ്ദേശ തിരഞ്ഞെടുപ്പ് കഴി‌ഞ്ഞാലുഠൻ ടെണ്ടർ നടപടികൾ തുടങ്ങാനാണ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയെ മലയാള സിനിമയുടെ കേന്ദ്രമാക്കുകയാണ് കോർപ്പറേഷന്റെ ലക്ഷ്യം.

80 ഏക്കർ
80 ഏക്കറിലാണ് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇതിന്റെ പകുതിപോലും ഇപ്പോൾ പ്രയോജനപ്പെടുത്തുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ചിത്രാഞ്ജലി കാമ്പസ് എല്ലാ സൗകര്യങ്ങളോടെയും വികസിപ്പിക്കുന്നത്. 80 ഏക്കറുള്ള ചിത്രാഞ്ജലിയിലെ സ്ഥലത്തിന്റെ ഈ പദ്ധതി വരുന്നതോടെ സിനിമയുടെ ഷൂട്ടിംഗ്,​ പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങി എല്ലാത്തിനും സജ്ജീകരണങ്ങളുണ്ടാകും. ചിത്രാഞ്ജലി പാക്കേജ് കൂടിയാകുമ്പോൾ പുതുതലമുറ സിനിമാക്കാർ കൂടി ഇവിടേക്കെത്തുമെന്നാണ് ചലച്ചിത്രവികസന കോർപ്പറേഷൻ കരുതുന്നത്. ഷൂട്ടിംഗിനുള്ള ഉപകരണങ്ങൾ,​ കാമറകൾ,​ ലൈറ്റുകൾ എന്നിവ കൂടാതെ ചിത്രാഞ്ജലിയിലെ സൗകര്യങ്ങളും ഉയർത്തും. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണവും അതിനൊപ്പം ഉള്ളവയുടെ നവീകരണങ്ങളും നടക്കും. നിലവിൽ സ‌്റ്റുഡിയോയിൽ രണ്ട് ഷൂട്ടിംഗ് ഫ്ളോറുകളാണുള്ളത്. ഒരു ഡി.ഐ സംവിധാനം (ചലന ചിത്രങ്ങളുടെ ഡിജിറ്റൽവത്കരണം) എന്നിവയാണുള്ളത്. നിലവിൽ ഓരോ എഡിറ്റിംഗ്, ഡബ്ബിംഗ് സ്യൂട്ടുകളാണുള്ളത്. ഇത് മൂന്നായി ഉയരും. മലയാള സിനിമ സാങ്കേതികമായും പ്രമേയപരമായും ഏറെ മുന്നേറിയിട്ടും നിർമ്മാണപ്രക്രിയയുടെ ഏറിയ ഭാഗവും കേരളത്തിനു പുറത്തായിരുന്നു. ചിത്രാഞ്ജലി നവീകരിക്കപ്പെടുന്നതോടെ ഇവയെല്ലാം ഇവിടെത്തന്നെ കേന്ദ്രീകരിക്കാനാകും.

റെയിൽവേ സ്റ്റേഷനും തറവാടും

ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയോളം വരില്ലെങ്കിലും മികച്ച ഷൂട്ടിംഗ് ഫ്ളോറുകളും സെറ്റുകളുമൊക്കെ ചിത്രാഞ്ജലിയിലും ഉണ്ടാകും. മിഴിവേറിയ രംഗങ്ങൾ ചിത്രീകരിക്കാൻ ഇനി ആർക്കും കേരളത്തിനു പുറത്തേക്ക് പോകേണ്ടി വരില്ല. സാങ്കേതിക നവീകരണവും നിലവാരമുയർത്തലുമാണ് ആദ്യഘട്ടം നടക്കുക. 80 ഏക്കറിൽ റെയിൽവേ സ്റ്റേഷൻ, അമ്പലങ്ങൾ, വീടുകൾ തുടങ്ങി ഒരു സിനിമയ്ക്കു വേണ്ട എല്ലാ സെറ്റുകളും ഉയരും. പുത്തൻ സിനിമാ അഭിരുചികൾക്കനുസരിച്ചുള്ള ഷൂട്ടിംഗ് ഫ്ളോറുകളും ഒരുക്കും. കളറിംഗ്, എഡിറ്റിംഗ് തുടങ്ങി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ചിത്രാഞ്ജലിയിലെ ആധുനിക കാമറകൾ അടക്കമുള്ള ഷൂട്ടിംഗ് ഉപകരണങ്ങൾ സിനിമാചിത്രീകരണത്തിന് വാടകയ്ക്കും നൽകും. രണ്ടാംഘട്ടത്തിൽ കൊച്ചിയിലെ കടവന്ത്രയിൽ ചിത്രാഞ്ജലിയുടെ മറ്റൊരു യൂണിറ്റും തുറക്കും. ഭൂമി പാട്ടത്തിനെടുത്തുകൊണ്ടുള്ള ഈ പദ്ധതിക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇവിടെയും ഷൂട്ടിംഗ് ഫ്ളോറുകളും സെറ്റും ഉപകരണങ്ങളുമെല്ലാം സജ്ജമാക്കും. സിനിമാ വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സൗകര്യങ്ങളും കൊച്ചിയിലെ കേന്ദ്രത്തിൽ ഒരുക്കും.