imran-hafiz

കറാച്ചി: ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയിബ സ്ഥാപകൻ ഹാഫിസ് സെയിദ് പാകിസ്ഥാനിൽ സസുഖം വാഴുന്നുവെന്ന് റിപ്പോർട്ട്. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ ഹാഫിസിന് 10 വർഷം ജയിൽ ശിക്ഷ പാകിസ്ഥാൻ കോടതി വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലാഹോറിലെ ഘോട്ട് ലാഘ്പത്തിൽ കരാഗൃഹ വാസത്തിലാണ് ഹാഫിസ് എന്നായിരുന്നു പാകിസ്ഥാനി മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ‌്തിരുന്നത്. എന്നാൽ ഇതെല്ലാം തന്നെ വ്യാജമാണെന്ന റിപ്പോർട്ടാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിടുന്നത്.

ഹാഫിസ് ലാഹോറിലെ ജയിലില്ല മറിച്ച് വീട്ടിൽ അതീവ സുരക്ഷയിൽ സുഖവാസത്തിലാണെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതിഥികളെ സ്വീകരിക്കാനും സൽക്കരിക്കാനുമുള്ള സകല സ്വാതന്ത്ര്യവും ഇമ്രാൻ ഖാൻ സർക്കാർ നൽകിയിരിക്കുന്നത്. സയിദിനെ വീട്ടിൽ വന്ന് സന്ദർശിച്ച പ്രധാനികളിൽ ഒരാൾ ലഷ്‌കർ ഇ തൊയ്‌ബ തലവൻ സക്കി ഉർ റഹ്‌മാൻ ലഖ്‌വിയാണെന്നാണ് റിപ്പോർട്ട്. ജിഹാദി പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനാണ് ഇരു ഭീകരരും കൂടിക്കാഴ്‌ച നടത്തിയതെന്ന് സൂചനയുണ്ട്. സെയിദ് പോലെ തന്നെ ഐക്യരാഷ്‌ട്ര സംഘടന കൊടുംഭീകരനായി പ്രഖ്യാപിച്ചയാളാണ് ലഖ്‌വിയും. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ലഖ്‌വി. ഇന്ത്യയുടെ സമ്മർദ്ദത്തിന്റെ ഫലമായി പാകിസ്ഥാനി സുരക്ഷാ സേന പലതവണ ലഖ്‌വിയെ അറസ്‌റ്റ് ചെയ‌്തെങ്കിലും തന്റെ ബോസായ ഹാഫിസ് സെയിദിനെ പോലെ നിഷ്‌പ്രയാസം ഇയാൾ സ്വതന്ത്രനാവുകയായിരുന്നു.

മുംബയ് ഭീകരാക്രമണം നടന്നിട്ട് 12 വർഷങ്ങൾ പിന്നിടുമ്പോഴും, അതിന് പിന്നിൽ പ്രവർത്തിച്ച കുബുദ്ധികൾക്കു നേരെ ഒരു ചെറുവിരൽ അനക്കാൻ പോലും പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. അവർ അതിന് ശ്രമിച്ചിട്ടില്ല എന്നുപറയുന്നതാണ് ശരി. ആക്രണം നടത്താനെത്തിയ ഭീകരരിൽ ഇന്ത്യൻ സൈന്യം ജീവനോടെ പിടികൂടിയ അജ്‌മൽ കസബിനെ 2012 നവംബർ 21ന് ഇന്ത്യ തൂക്കിലേറ്റി.