mullappally

തിരുവനന്തപുരം: കോൺഗ്രസിൽ ദേശീയ നയങ്ങൾക്കനുസരിച്ചാണ് നിലപാടുകൾ സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള‌ളി രാമചന്ദ്രൻ. പ്രാദേശിക തലത്തിൽ കോൺഗ്രസിലുണ്ടായിരിക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെ. മുരളീധരനുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും അച്ചടക്കമുള‌ള നേതാവാണദ്ദേഹമെന്നും മുല്ലപ്പള‌ളി പറഞ്ഞു. കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് വേളയിൽ അഭിപ്രായപ്രകടനം നടത്തുമ്പോൾ സംയമനം പാലിക്കണമെന്നും മുല്ലപ്പള‌ളി മുന്നറിയിപ്പ് നൽകി.

വടകര ബ്ളോക്ക് പഞ്ചായത്തിൽ കല്ലാമല ഡിവിഷനിൽ ആർ.എം.പിയുടെ ജനകീയമുന്നണി സ്ഥാനാർത്ഥിക്ക് മുന്നണിയുടെ പിന്തുണ നൽകാനായിരുന്നു തീരുമാനം. ഇതിനിടെ ഈ സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥിക്ക് കൈപ്പത്തി ചിഹ്‌നം നൽകി. ഇതിന്റെ പേരിൽ കെ.മുരളീധരൻ പ്രശ്‌നം പരിഹരിക്കും വരെ പ്രചാരണത്തിനിറങ്ങില്ലെന്ന് രൂക്ഷമായി പ്രതികരിച്ചിരുന്നു.

വെൽഫെയർ പാർട്ടി വിഷയം കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതി ചേർന്ന് തീരുമാനിച്ചതാണ്. യു.ഡി.എഫിന് പുറത്തുള‌ള ഒരു കക്ഷിയുമായും സഖ്യമില്ലെന്നും മുല്ലപ്പള‌ളി അറിയിച്ചു.

സ്വർണക്കടത്ത് വിഷയത്തിൽ സർക്കാരിനെയും ഇടത് മുന്നണിയെയും മുല്ലപ്പള‌ളി കടന്നാക്രമിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം അസ്ഥിരപ്പെടുത്താനും അവരുടെ വിശ്വാസ്യത തകർക്കാനും ഇടത് മുന്നണി ശ്രമിക്കുകയാണ്.ബിജെപിയും സി.പി.എമ്മും തമ്മിൽ കേസ് അട്ടിമറിക്കാൻ ഒത്തുകളി നടക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ സ്വതന്ത്രവും നിർഭയവുമായി കേസ് അന്വേഷിക്കാൻ കേന്ദ്രം അനുവദിക്കണമെന്നും മുല്ലപ്പള‌ളി ആവശ്യപ്പെട്ടു.

എം.ശിവശങ്കറിന്റെ കസ്‌റ്റഡി അപേക്ഷയിൽ കസ്‌റ്റംസ് പേരും പദവിയുമൊന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായി കോടതിയെ ബോദ്ധ്യപ്പെടുത്താത്ത് ആർക്ക് വേണ്ടിയാണെന്ന് പരിശോധിക്കണം. ഇത് അഖിലേന്ത്യാ ബിജെപി നേതൃത്വവുമായി സിപിഎം ധാരണയുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണെന്ന് മുല്ലപ്പള‌ളി ആരോപിച്ചു. കേന്ദ്ര ഏജൻസികളിൽ അന്വേഷണം അൽപമെങ്കിലും മുന്നോട്ട് കൊണ്ടുപോയത് ഇ.ഡി മാത്രമാണെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. യു ഡി എഫ് എം എൽ എമാർക്കെതിരെയുള‌ള വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രതികാരമാണെന്നും മുല്ലപ്പള‌ളി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ അഡീ: പ്രൈവ‌റ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആശുപത്രിവാസം സംശയാസ്‌പദമാണ്. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്‌താൽ മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനും ജയിലിൽ പോകേണ്ടി വരുമെന്നും മുല്ലപ്പള‌ളി പറഞ്ഞു. നിഷ്‌പക്ഷരായ ആരോഗ്യവിദഗ്‌ധ സംഘം ഇതന്വേഷിക്കണം.