
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യത്തിലേക്ക് കടക്കവെ പ്രചാരണ സമയത്തുണ്ടാകുന്ന മാലിന്യങ്ങൾ ക്രിയാത്മകമായി സംസ്‌കരിക്കുന്നതിനുള്ള ശ്രമങ്ങളും അധികൃതർ തുടങ്ങി. ഇതിനായി ഹരിത കർമ്മസേനയെ നിയോഗിക്കാമെന്ന് സംസ്ഥാന ശുചിത്വ മിഷന്റെ ജില്ലാഘടകം ജില്ലാകളക്ടറെ അറിയിച്ചു. ഇക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
കൊവിഡ് രോഗവ്യാപനം ഉള്ളതിനാൽ തന്നെ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പതിവ് മാലിന്യങ്ങൾ കൂടാതെ ഉപയോഗശൂന്യമായ മാസ്‌കുകൾ, കൈയുറ, പി.പി.ഇ കിറ്റ് തുടങ്ങിയവയും ശാസ്ത്രീയമായും സുരക്ഷിതമായും നിർമ്മാർജ്ജനം ചെയ്യേണ്ടി വരും. ഇവയെല്ലാം ഹരിത കർമ്മസേനയിലെ പരിശീലനം ലഭിച്ച വൊളന്റിയർമാർക്ക് ഫലപ്രദമായി ചെയ്യാൻ കഴിയുമെന്ന് ശുചിത്വ മിഷന്റെ ജില്ലാതല ചുമതലയുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇപ്പോൾ തന്നെ ഹരിത കർമ്മസേനയുടെ അംഗങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ സജീവമാണ്. പോളിംഗ് ബൂത്തുകളിൽ കൂടി ഇവരുടെ സേവനം വിനിയോഗിച്ചാൽ അത് കൂടുതൽ ഫലപ്രദമായിരിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കുന്നതിനും പോളിംഗ് സമയത്തുള്ള മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഹരിത കേരള മിഷനും ശുചിത്വ മിഷനും ചേർന്ന് ഒരു കൈപ്പുസ്‌തകം പുറത്തിറക്കിയിരുന്നു. അവ സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും തിരഞ്ഞെടുപ്പ് ഓഫീസർമാർക്കും നൽകിയിട്ടുണ്ട്. ഭക്ഷണം, വെള്ളം തുടങ്ങിയവ നൽകുന്നതിനായി സ്റ്റീൽ പ്ളേറ്റുകളും ഗ്ളാസുകളും ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
501 ടൺ മാലിന്യം
തദ്ദേശ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം മറന്നാൽ പ്രചാരണവും വോട്ടെടുപ്പുമൊക്കെ കഴിയുമ്പോൾ ജില്ലയിൽ രൂപപ്പെട്ടേക്കാവുന്ന മാലിന്യത്തിന്റെ അളവ് 501 ടൺ ആയിരിക്കും. പ്രചാരണത്തിനായി പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഡിസ്‌പോസബിൾ വസ്തുക്കളും ഉപയോഗിച്ചാൽ ഹോർഡിംഗുകളുടേതു മാത്രം 154 ടൺ മാലിന്യമുണ്ടാകും. കൊടിതോരണങ്ങൾ കുന്നുകൂടിയാൽ 120 ടണ്ണോളമുണ്ടാകും. പ്ലാസ്റ്റിക് കുപ്പിവെള്ള ബോട്ടിലുകൾ 110 ടണ്ണും ഡിസ്‌പോസബിൾ കപ്പുകൾ, പാത്രങ്ങൾ, നിരോധിത പ്ലാസ്റ്റിക് കവറുകൾ, മറ്റ് ഉത്പന്നങ്ങൾ എന്നിവയെല്ലാം ചേർന്ന് 117 ടണ്ണും വരും. വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് കേന്ദ്രത്തിലും പരിസര പ്രദേശങ്ങളിലും സൃഷ്ടിക്കപ്പെടുന്ന മാലിന്യത്തിനു പുറമേയുള്ള കണക്കാണിത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ.
വോട്ടെടുപ്പ് അവസാനിച്ച ഉടൻ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും പ്രചാരണ പരസ്യങ്ങൾ നശിപ്പിക്കുകയോ പുനഃചംക്രമണം ചെയ്യുന്നതിനു ബന്ധപ്പെട്ട ഏജൻസികൾക്കു കൈമാറുകയോ വേണം. ഇവ നീക്കിയില്ലെങ്കിൽ വോട്ടെടുപ്പ് അവസാനിച്ച് അഞ്ചു ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പരസ്യം നീക്കം ചെയ്യുകയും ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കുകയും ചെയ്യുമെന്ന് ജില്ലാകളക്ടർ നവജ്യോത് ഖോസ വ്യക്തമാക്കി.