1986 മെക്സിക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ. ഇംഗ്ളണ്ടായിരുന്നു അർജന്റീനയ്ക്ക് എതിരാളികൾ. ഇരുമ രാജ്യങ്ങളും തമ്മിൽ നടന്ന ഫാക്ലാൻഡ് യുദ്ധത്തിന്റെ പശ്ചാത്തലം മത്സരത്തിന് വല്ലാത്ത പിരിമുറുക്കം നൽകിയിരുന്നു. യുദ്ധത്തിൽ തോറ്റ അർജന്റീന ഫുട്ബാൾ മത്സരത്തിൽ 2-1ന് ജയിച്ചതോടെ ഡീഗോ വീരനായകനായി.
മത്സരത്തിലെ അർജന്റീനയുടെ രണ്ടുഗോളുകളും നേടിയത് ഡീഗോയാണ്.ഇതിൽ ആദ്യ ഗോളാണ് ദൈവത്തിന്റെ കൈ കൊണ്ട് നേടിയ ഗോളായി വിശേഷിപ്പിക്കപ്പെട്ടത്. ഉയർന്നുചാടി ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഡീഗോ കൈകൊണ്ട് തട്ടി പന്ത് വലയിൽ കയറ്റുകയായിരുന്നു. എന്നാൽ റഫറി ഗോൾ വിധിക്കുകയും ഡീഗോ ഒന്നുമറിയാത്തപോലെ ആഘോഷം നടത്തുകയും ചെയ്തു. പിന്നീട് വീഡിയോ റീപ്ളേയിൽ ഇത് ഹാൻഡ് ഗോളാണെന്ന് തെളിഞ്ഞപ്പോൾ മറഡോണ പറഞ്ഞത് -കുറച്ച് മറഡോണയുടെ തലയും കുറച്ച് ദൈവത്തിന്റെ കരങ്ങളും ചേർന്ന ഗോളായിരുന്നു അത്.- എന്നാണ്. എന്നാൽ 2005ൽ ഒരു ടെലിവിഷൻ ഷോയിൽ മറഡോണ താൻ മനപൂർവമാണ് പന്ത് കൈകൊണ്ട് തട്ടിയിട്ടതെന്ന് സമ്മതിച്ചു.എന്നാൽ റഫറി അത് ഗോളെന്ന് വിധിച്ചതിനാൽ ഗോൾ തന്നെയാണെന്നും കൈകൊണ്ട് പന്തുതട്ടിയിട്ടതിൽ ഒരു ഖേദവുമില്ലെന്നും ഡീഗോ നിലപാട് ആവർത്തിച്ചു.