xi-jinping

ബീജിംഗ് : ഒടുവിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനമറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്‌പിംഗ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയിച്ച് രണ്ടാഴ്ചകൾക്ക് ശേഷമാണ് ഷീ അഭിനന്ദനം അറിയിക്കുന്നത്.

ഒട്ടുമിക്ക രാഷ്ട്രത്തലവൻമാരും നേരത്തെ തന്നെ ബൈഡന് ആശംസ അറിയിച്ചിരുന്നു. എന്നാൽ ചൈന ബൈഡനെ അഭിനന്ദിക്കാൻ മടിക്കുകയായിരുന്നു. ചൈനീസ് വിദേശകാര്യ മന്ത്രാലയം ബൈഡന്റെയും കമലയുടെയും വിജയത്തിൽ ആശംസ അറിയിക്കുന്നതായി കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു.

സംഘർഷങ്ങളും ഏറ്റുമുട്ടലും ഒഴിവാക്കി പരസ്പരം ബഹുമാനത്തോടെ പ്രവർത്തിക്കാമെന്നാണ് അഭിനന്ദനത്തിനൊപ്പം ഷീ ബൈഡനോട് ഫോണിലൂടെ പറഞ്ഞത്. ലോകത്തിന്റെ സമാധാനവും വികസനവും ഉറപ്പുവരുത്താമെന്നും ഇരു രാജ്യങ്ങളും തമ്മിൽ ആരോഗ്യപരവും സുസ്ഥിരവുമായ ബന്ധം വളരട്ടെയെന്നും ബൈഡനുള്ള അഭിനന്ദന സന്ദേശത്തിൽ ഷീ വ്യക്തമാക്കുന്നു.

ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ യു.എസ് - ചൈന ബന്ധം വഷളാവുകയായിരുന്നു. കൊവിഡിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും പേരിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമാകുകയായിരുന്നു. റഷ്യയുടെ വ്ലാഡിമിർ പുടിൻ അടക്കം വിരലിലെണ്ണാവുന്ന ഏതാനും ലോകനേതാക്കൾ മാത്രമാണ് ബൈഡനെ ഇനി അഭിനന്ദനം അറിയിക്കാനുള്ളത്.