sabarimala

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ജോലി ചെയ്യുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പുറംജോലി ചെയ്യുന്ന ദേവസ്വം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പി.പി.ഇ കി‌റ്റ് നൽകാൻ നിർദ്ദേശം. ഇന്ന് ദേവസ്വം മരാമത്ത് ഓവർ‌സിയർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ തീരുമാനം. ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും ശബരിമലയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തീർത്ഥാടകർ കഴിവതും മ‌‌റ്റുള‌ളവരുമായി ഇടകലരരുതെന്നും കൊവിഡ് മോചിതർ പൂർണമായും ലക്ഷണങ്ങൾ മാറിയ ശേഷമേ ശബരിമലയിലെത്താവൂ എന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. നിലവിൽ കൊവിഡ് നെഗ‌റ്റീവ് സർട്ടിഫിക്കറ്റ് ഉള‌ളവർക്ക് മാത്രമാണ് ശബരിമലയിൽ പ്രവേശനമുള‌ളത്. നിലക്കലിൽ ആയിരത്തിൽ അഞ്ച്പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.