maradona

കളിക്കളത്തിൽ മറഡോണയുടെ മുന്നേറ്റത്തെ തടുക്കാൻ ആർക്കും കഴിയാറില്ലായിരുന്നു. കളത്തിനുപുറത്ത് തെറ്റിന്റെ വഴിയിലേക്കുള്ള യാത്രയേയും.

ലഹരിയുടെ നീരാളിക്കയ്യുകൾക്ക് എളുപ്പം പിടിക്കാൻ കഴിയുന്ന ലാറ്റിനമേരിക്കൻ പശ്ചാത്തലമായിരുന്നു ഡീഗോയുടെ പ്രശ്നം. ദരിദ്ര ജീവിതപരിസരങ്ങളിൽ നിന്ന് ഒപ്പം കൂടിയ ലഹരിക്ക് പെട്ടെന്ന് കിട്ടിയ പണവും പ്രശസ്തിയും തണലായി. ഫുട്ബാൾ ഡീഗോയ്ക്ക് നൽകിയത് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമായിരുന്നു. തോന്നിയപോലെയുള്ള ജീവിതയാത്രയ്ക്ക് വേഗം കൂട്ടിയത് ലഹരിപ്പുകയാണ്.

1983ൽ സ്പാനിഷ് ക്ളബ് ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കാൻ സ്പെയ്നിലേക്ക് എത്തുമ്പോൾത്തന്നെ ഡീഗോ കൊക്കെയ്ൻ ഉപയോഗിച്ച് തുടങ്ങിയിരുന്നു. പ്രൊഫഷണൽ കളിക്കാരനെന്ന നിലയിൽ അനുഭവിച്ച പ്രശ്നങ്ങളും പരിക്കുകളും മറക്കാനുള്ള വഴിയായിരുന്നു ആദ്യമാദ്യം കൊക്കെയ്ൻ. ക്ളബ് അധികൃതരുമായി പ്രശ്നങ്ങളായപ്പോൾ വാശിപോലെ വഴിതെറ്റി നടക്കാൻ തുടങ്ങി. ബാഴ്സലോണ മെസിയെന്ന വ്യക്തിയെക്കാൾ ആ കളിക്കാരനിലെ മികവ് മാത്രം ചോർത്തിയെടുക്കാൻ ശ്രമിച്ചതോടെ മാനസിക പിരിമുറുക്കവും കൂടി.

പിന്നീട് നാപ്പോളിയിലേക്ക് എത്തിയപ്പോൾ ലഹരി ഉപയോഗം കളിയെ ബാധിക്കുന്ന രീതിയിലായി.ക്ളബ് കരിയർ മികച്ചരീതിയിൽ അവസാനിപ്പിക്കാൻ കഴിയാതെപോയതും ഫിറ്റ്നസ് കൈവിട്ടുപോയതും ലഹരി ഉപയോഗത്തിന്റെ ബാക്കിപത്രമായിരുന്നു.

അനിയന്ത്രിതമായി മാറിയ ശരീരഭാരം കുറയ്ക്കാൻ മരുന്ന് ഉപയോഗിച്ചതിനാൽ 1994 ലോകകപ്പിൽ ഉത്തേജകപരിശോധനയിൽ പരാജയപ്പെട്ടു.2004വരെ കൊക്കെയ്ൻ ഉപയോഗം തുടർന്ന താരം പൊണ്ണത്തടി കുറയ്ക്കാൻ 2005ൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. അതിന് ശേഷം തടികുറഞ്ഞെങ്കിലും മദ്യപാനം തുടർന്നതിനാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായി.2007 ൽ ദീർഘനാൾ ആശുപത്രി വാസത്തിന് ശേഷം ലഹരിയോട് വിടപറഞ്ഞെന്നാണ് റിപ്പോർട്ടുകളെങ്കിലും ചില ശീലങ്ങളെങ്കിലും തുടർന്നതായി സുഹൃത്തുക്കൾ പറയുന്നു.