മുംബയ് : ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ് - സ്വീഡിഷ് ഫാര്‍മാ കമ്പനി ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച ' കൊവിഷീൽഡ് ' വാക്സിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഇന്ത്യയിൽ വാക്സിന്റെ നിർമാണ ചുമതലയുള്ള പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി.
നവംബർ 28നാണ് മോദി സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽ സന്ദർശനം നടത്തുക. മോദിയുടെ സന്ദർശന വിവരം പൂനെ ഡിവിഷനൽ കമ്മിഷണർ സൗരവ് റാവു സ്ഥിരീകരിച്ചിട്ടുണ്ട്. സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ എത്തുന്ന മോദി വാക്സിന്റെ ഉത്പാദനത്തെയും വിതരണ പദ്ധതികളെയും സംബന്ധിച്ച് അവലോകനം നടത്തും.
ഓക്സ്ഫഡ് വാക്സിന് 90 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് അവസാനഘട്ട ക്ലിനിക്കൽ ട്രയലിന് ശേഷം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വാക്സിൻ ഇന്ത്യൻ വിതരണത്തിന് സജ്ജമാകുമെന്നാണ് പ്രതീക്ഷ.