ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിനായ കൊവിഷീൽഡ് പരീക്ഷണത്തിൽ 90 ശതമാനം ഫലപ്രാപ്തി പ്രകടിപ്പിച്ചത് താരതമ്യേന പ്രായം കുറഞ്ഞവരിലാണെന്ന് റിപ്പോർട്ട്.
വാക്സിൻ ഒരു മാസത്തെ ഇടവേളയിൽ ആദ്യ പകുതി ഡോസും പിന്നീട് മുഴുവൻ ബൂസ്റ്റർ ഡോസും വോളണ്ടിയർമാർക്ക് നൽകിയപ്പോൾ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇത് നൽകിയത് 55 വയസിൽ താഴെയുള്ളവർക്കായിരുന്നുവെന്ന് ഗവേഷകർ അറിയിച്ചു. ഒരു മാസം ഇടവിട്ട് രണ്ടു പൂർണ ഡോസ് നൽകിയപ്പോൾ 62 ശതമാനമായിരുന്നു ഫലപ്രാപ്തി. ഈ ഗ്രൂപ്പിൽ 55 വയസിന് മുകളിൽ പ്രായമുള്ളവരും ഉണ്ടായിരുന്നു. കുറഞ്ഞ ഡോസ് നൽകിയപ്പോൾ എന്തുകൊണ്ടാണ് 90 ശതമാനം ഫലപ്രാപ്തി കിട്ടിയതെന്ന് റിപ്പോർട്ട് പുറത്തുവന്നത് മുതൽ ഗവേഷകർ വിലയിരുത്തുന്നുണ്ടായിരുന്നു.പ്രായം കുറഞ്ഞവരിൽ വാക്സിന് കൂടുതൽ ഫലപ്രദമാകുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ഫ്ലൂ വാക്സിൻ ഉൾപ്പെടെയുള്ളവ ഇത്തരം പ്രവണത കാണിക്കാറുണ്ടെന്നും ഗവേഷകർ പറയുന്നു.കൊവിഷീൽഡിന്റെ രണ്ടാംഘട്ട പരീക്ഷണഫലം ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പ്രകാരം 70 മുകളിൽ പ്രായമായവരിലും ആന്റിബോഡികളും ടി സെല്ലുകളും ഉൽപാദിപ്പിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.
18നും 55നും ഇടയിൽ പ്രായമുള്ള 160 പേരിലും 56 - 69 വയസിനിടയിലുള്ള 160 പേരിലും എഴുപതോ അതിനു മുകളിലോ പ്രായമുള്ള 240 പേരിലുമാണ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം നടത്തിയത്.