കൊൽക്കത്ത : ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ അകന്നു കഴിയുന്ന ഭാര്യ ഹസിൻ ജഹാനെ ഭീഷണിപ്പെടുത്തിയ 25 കാരൻ അറസ്‌റ്റിൽ. ഹസിന്റെ പരാതിയെ തുടർന്ന് കാന്നിംഗ് സ്‌റ്റേഷൻ റോഡിൽ നിന്നും ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. പണം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഇയാൾ ഹസിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു.
ഹസിന്റെ വീട്ടിൽ മുമ്പ് ജോലിയ്ക്ക് നിന്നിരുന്ന സ്ത്രീ ആയിരുന്നു ആദ്യം ഭീഷണിയുമായി ഫോൺ ചെയ്തത്. പിന്നീട് ഇവരുടെ മകനാണെന്നും പറഞ്ഞ് യുവാവ് ഹസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം തന്നില്ലെങ്കിൽ ഹസിന്റെ സ്വകാര്യ ചിത്രങ്ങളും ഫോൺ നമ്പരുകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ഹസിനെ ഇയാൾ അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. ആദ്യം ഭീഷണി വകവയ്ക്കാതിരുന്ന ഹസിൻ ഒടുവിൽ നവംബർ 22ന് പൊലീസിനെ സമീപിക്കുകയായിരുന്നു. ഭീഷണി കോളുകളെത്തിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.