cm-raveendran

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകില്ല. വെള്ളിയാഴ്ചയാണ് ഇഡിയ്ക്ക് മുന്നിൽ ഹാജരാകേണ്ടത്. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിലാണ് ഹാജരാകാത്തത്.


ശ്വാസംമുട്ടുള്ളതിനാലും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാലും ആശുപത്രിയിൽ നിന്നും രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തിട്ടില്ല. നവംബർ 6ന് ചോദ്യം ചെയ്യൽ നോട്ടീസ് ഇ ഡി രവീന്ദ്രന് നല്‍കിയിരുന്നു. എന്നാൽ അടുത്ത ദിവസം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രവീന്ദ്രൻ കൊവിഡ് മുക്തനായി ആശുപത്രി വിട്ടിരുന്നു.

തുടര്‍ന്നാണ് വെള്ളിയാഴ്ച ഹാജരാകണമെന്ന് കാട്ടി ഇ ഡി വീണ്ടും നോട്ടീസ് നൽകിയത്. എന്നാൽ കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എംഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എം. ശിവശങ്കറിന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് രവീന്ദ്രനും തന്നെ വിളിച്ചിട്ടുണ്ടെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. തുടർന്ന് ഐടി വകുപ്പിലെ ഇടപാടുകൾ സംബന്ധിച്ച ചോദ്യം ചെയ്യലിനാണ് സി.എം. രവീന്ദ്രന് ഇ ഡി നോട്ടീസ് നല്‍കിയത്.