വാഷിംഗ്ടൺ: കഴിഞ്ഞ ജൂലായിൽ തനിയ്ക്ക് ഗർഭഛിദ്രം സംഭവിച്ചതിനെ പറ്റി തുറന്ന് പറഞ്ഞ് ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിൾ. ആദ്യത്തെ കുഞ്ഞിനെ ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നപ്പോൾ തന്നെ രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമാകുകയായിരുന്നു - ന്യൂയോർക്ക് ടൈസിലാണ് തന്റെ തീരാ വേദനയെക്കുറിച്ച് മേഗൻ പ്രതിപാദിച്ചിരിക്കുന്നത്.
മേഗന്റെയും ഹാരിയുടേയും ആദ്യ മകനായ ആർച്ചി 2019 ലാണ് പിറന്നത്. രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും മാറില്ലെന്നാണ് മേഗൻ പറയുന്നത്. ആശുപത്രികിടക്കയിൽ ഇരിക്കുമ്പോൾ ഹൃദയം തകർന്നു നിൽക്കുന്ന ഭർത്താവിനെയാണ് കണ്ടത്. എന്നാൽ, അപ്പോഴും എന്റെ നുറുങ്ങിയ ഹൃദയത്തെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം.' മേഗന് എഴുതുന്നു.
'ആ വേദനക്കിടയിലാണ് ഞങ്ങളറിഞ്ഞത് നൂറ് സ്ത്രീകളിൽ 10 മുതൽ 20 ആളുകൾ ഇത്തരത്തിൽ ഗർഭഛിദ്രത്തിന്റെ ശാരീരിക മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണെന്ന്.' എന്നാൽ, ഈ വിഷയം സമൂഹം തുറന്ന് സംസാരിക്കാൻ തയ്യാറല്ലെന്നുമാണ് മേഗന്റെ അഭിപ്രായം.
നിരവധിപ്പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ മേഗന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. ഹാരി രാജകുമാരന്റെയും മേഗന്റെയും ആർച്ചിയുടെയും ഈ കുഞ്ഞു കുടുംബത്തെ ഞങ്ങൾ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു എന്നാണ് മിക്ക പോസ്റ്റുകളുടെയും ക്യാപ്ഷൻ. ഇതിനൊപ്പം പലരും തങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ട അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.