owaisi-modi

ഹൈദരാബാദ്: മുനിസിപ്പൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിലേക്ക് എത്തുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് എ.ഐ.എം.ഐ.എം നേതാവ് അസാസുദീൻ ഒവൈസി. മോദി ഇങ്ങോട്ട് വരട്ടെ എന്നും ബി.ജെ.പി എത്ര സീറ്റുകൾ നേടുമെന്ന് കാണാമെന്നും വെല്ലുവിളിക്കുകയായിരുന്നു ഒവൈസി.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡിസംബർ ഒന്നിന് പ്രധാനമന്ത്രി മോദി ഹൈദരാബാദിലേക്ക് എത്തുമെന്നായിരുന്നു വാർത്തകൾ.

ഹൈദരാബാദ് 'നുഴഞ്ഞുകയറ്റക്കാരുടെ നഗരമായി മാറിയെന്ന്' ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബന്ദി സജ്ഞയ്, ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ എന്നിവർ പ്രസ്താവനകൾ നടത്തിയതിന് പിന്നാലെയാണ് ഒവൈസി ഇങ്ങനെ പ്രതികരിച്ചത്.

നഗരത്തില്‍ നുഴഞ്ഞുകയറ്റക്കാർ കയറികൂടിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദികള്‍ മോദിയും അമിത് ഷായും ആണെന്ന് ആണെന്നാണ് ഒവൈസിയുടെ വിമർശിച്ചത്. താൻ ഒരു നുഴഞ്ഞുകയറ്റക്കാരെയും ഇവിടെ കണ്ടിട്ടില്ലെന്നും ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയില്‍ ഭിന്നതയുടെ മതില്‍ തീര്‍ക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

'നിങ്ങൾ നരേന്ദ്ര മോദിയെ ഈ നഗരത്തിലേക്ക് കൊണ്ടുവന്ന് പ്രചാരണം നടത്തൂ. നമുക്ക് കാണാം എന്ത് സംഭവിക്കുമെന്ന്. നിങ്ങൾ അദ്ദേഹത്തിന്റെ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊള്ളൂ. ഇവിടെ എത്ര സീറ്റുകൾ നിങ്ങൾക്ക് ലഭിക്കുമെന്ന് നമുക്ക് കാണാം. ഇത് മുനിസിപ്പൽ തിരഞ്ഞെടുപ്പാണ്. അവർ(ബി.ജെ.പി) വികസനത്തെ കുറിച്ച് സംസാരിക്കില്ല.'-ഒവൈസി പറയുന്നു..

'ഹൈദരാബാദ് ഇപ്പോൾ തന്നെ വികസിതമായ നഗരമാണ്. നിരവധി ബഹുരാഷ്ട്ര കമ്പനികൾ ഇവിടെ സ്ഥാപിതമായിട്ടുണ്ട്. പക്ഷെ ഹൈദരാബാദിന്റെ ബ്രാൻഡ് നെയിം തകർത്തുകൊണ്ട് അതൊക്കെ നശിപ്പിക്കുക എന്നതാണ് ബി.ജെ.പിക്ക് വേണ്ടത്.'- ഒവൈസിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ഹൈദരാബാദിൽ ബി.ജെ.പി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന്റെ സാഹചര്യത്തിലാണ് ഒവൈസിയുടെ ഈ പ്രതികരണം. പ്രധാനമന്ത്രി മോദിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും ഹൈദരാബാദിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നുണ്ട്.

മുൻപെങ്ങും കാണാത്ത വിധത്തിൽ, പാർട്ടിയിലെ ഏറ്റവും ശക്തരായ നേതാക്കളെ ഒരു മുനിസിപ്പൽ തിരഞ്ഞെടുപ്പിനായി ബി.ജെ.പി അണിനിരത്തുന്നതിനെ രാഷ്ട്രീയ നിരീക്ഷകർ ആശ്ചര്യത്തോടെയാണ് വീക്ഷിച്ചത്.

കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ തെലങ്കാന രാഷ്ട്ര സമിതി അധികാരത്തിലിരിക്കുന്ന തെലങ്കാനയെ കൈപ്പിടിയിൽ ഒതുക്കാനുള്ള ബി.ജെ.പിയുടെ ബുദ്ധിപരമായ നീക്കമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഇവർ വിലയിരുത്തുന്നു. ബി.ജെ.പി ഇവിടെ തന്നെയുണ്ടാകും എന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ പാർട്ടി തെലങ്കാനയിലെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്നത്.