pic

ലണ്ടൻ: ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ നൂറ്റാണ്ടിന്റെ ഗോൾ ഇന്നും ലോകകപ്പ് ആരാധകരുടെ മനസിൽ നിന്നും മാഞ്ഞിട്ടുണ്ടാകില്ല. ദെെവത്തിന്റെ ഗോൾ എന്ന് അറിയപ്പെടുന്ന വിവാദ ഗോളും മറഡോണയുടെ ആരാധകർക്ക് മറക്കാനാകില്ല. ആരാധകരെ ദൂഃഖത്തിലാഴ്‌ത്തി ഫുട്ബോളിന്റെ കിരീടം വയ്കക്കാത്ത രാജാവ് യാത്രയായിട്ടും ഇന്നും മറഡോണ ചെയ്‌‌ത ആ വലിയ തെറ്റിന് മാപ്പു നൽകാത്ത ഒരാൾ അങ്ങ് ഇംഗ്ലണ്ടിലുണ്ട്.

1986 ജൂൺ 22-ന് മെക്സിക്കോ സിറ്റിയിലെ ആസ്റ്റക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഗോൾകീപ്പറായിരുന്ന പീറ്റർ ഷിൽട്ടനാണ് ഇന്നും മറഡോണയോട് ക്ഷമിക്കാൻ തയ്യാറാകാത്തത്.
അന്നത്തെ ആ സംഭവത്തിന് ശേഷം പിന്നീട് ഒരിക്കലും മറഡോണയെ കാണാൻ ഷിൽട്ടൺ ശ്രമിച്ചിട്ടില്ല. എന്നിരുന്നാലും മറഡോണയുടെ വിയോഗം തന്നെ ദുഃഖത്തിലാഴ്ത്തിയെന്ന് ഷിൽട്ടൻ പറഞ്ഞു. എങ്കിലും അന്നത്തെ ആ ചതിക്ക് മാപ്പുനൽകാൻ ഒരുക്കമല്ലെന്നും ഷിൽട്ടൻ വ്യക്തമാക്കി.

''അന്നത്തെ ആ സംഭവം വർഷങ്ങളോളം എന്നെ അലട്ടിയിരുന്നു. ഇപ്പോഴും അതിനെ കുറിച്ച് എനിക്ക് കള്ളം പറയാൻ സാധിക്കുകയില്ല. ഒരിക്കൽ പോലും അതിന്റെ പേരിൽ മറഡോണ ഖേദം പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹം വലിയവനായിരിക്കാം പക്ഷേ സ്പോർട്മാൻ സ്പിരിറ്റ് ഇല്ലാത്തയാളാണ്.'' ഷിൽട്ടൻ പറഞ്ഞു.

1986 മേയ് 31 മുതൽ ജൂൺ 29 വരെ മെക്സിക്കോയിൽ നടന്ന പതിമൂന്നാമത് ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിലാണ് ദെെവത്തിന്റെ കെെയെന്ന് അറിയപ്പെടുന്ന ആ ഗോൾ പിറന്നത്. മത്സരത്തിന്റെ 51-ാം മിനിറ്റിൽ മറഡോണയും സഹതാരം ജോർജ് വാൽഡാനോയും ചേർന്ന് നടത്തിയ ഒരു അപ്രതീക്ഷിത മുന്നേറ്റമാണ് കളിയുടെ ഗതിതന്നെ മാറ്റിയത്.

ക്യാപ്റ്റനിൽ നിന്ന് പാസ് സ്വീകരിച്ച വാൽഡാനോ ഇംഗ്ലീഷ് കളിക്കാരെ വെട്ടിച്ച് മുന്നേറാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇംഗ്ലീഷ് താരം സ്റ്റീവ് ഹോഡ്‌ജിനെ മറികടക്കാൻ സാധിച്ചില്ല. എന്നാൽ വാൽഡാനോയെ തടഞ്ഞ ശ്രമത്തിൽ ഹോഡ്ജിന് ഒരു പിഴവ് സംഭവിച്ചു. അദ്ദേഹം ഗോൾകീപ്പർ പീറ്റർ ഷിൽട്ടന് മറിച്ച് നൽകാൻ ശ്രമിച്ച പന്ത് നേരെ പോയത് മറഡോണയുടെ മുന്നിലേക്കാണ്.


ഗോൾ പോസ്റ്റിന് മുന്നിൽ പന്തുമായി നിൽക്കുന്ന ഫുട്‌ബോൾ ഇതിഹാസത്തിന് മുന്നിൽ ഒരേയൊരു തടസം മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്. ഗോൾക്കീപ്പറായ പീറ്റർ ഷിൽട്ടലായിരുന്നു അത്. തന്നേക്കാൾ 20 സെന്റീമീറ്ററോളം ഉയരമുള്ള ഷിൽട്ടനെ മറികടക്കാൻ സാധിക്കില്ലെന്ന് മനസിലാക്കിയ മറഡോണ, ബോക്സിലേക്കെത്തിയ പന്ത് വലതുകൈ കൊണ്ട് തട്ടിയകറ്റാൻ എത്തിയ ഷിൽട്ടനു മുന്നിൽ ചാടി ഉയർന്ന തന്റെ ഇടംകൈ കൊണ്ട് ഷിൽട്ടന്റെ തലയ്ക്ക് മുകളിലൂടെ പന്ത് ഗോൾപ്പോസ്റ്റിലിടുകയായിരുന്നു.