തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന നടിയാണ് സമീറ റെഡ്ഢി. നടിയുടെ ശരീരവും നരച്ച മുടിയും കണ്ട ശേഷം 'ബോഡി ഷെയ്മിംഗ്' കമന്റുകൾ പാസാക്കുകയായിരുന്നു ഇവചെയ്തത്. സമീറയുടെ 'പഴയ ഭംഗി' ഇപ്പോൾ ഇല്ലെന്നും നടി വല്ലാതെ തടിച്ചുപോയെന്നും മറ്റും ഇവർ 'പരാതി' പറഞ്ഞു.
എന്നാൽ തന്റെ ശരീരത്തിന്റെ സ്വാഭാവികമായ രൂപത്തിൽ താൻ പൂർണ തൃപ്തയാണെന്നും ഇത്തരം ചിന്താഗതികൾക്കെതിരെയാണ് താൻ എപ്പോഴും പോരാടിയിട്ടുള്ളതെന്നും പറഞ്ഞുകൊണ്ടാണ് സമീറ ഇത്തരക്കാരുടെ വായടപ്പിച്ചത്.
ശേഷം തന്റെ മിക്ക സോഷ്യൽ മീഡിയാ പോസ്റ്റുകളിലൂടെയും 'ബോഡി പോസിറ്റിവിറ്റി' സന്ദേശങ്ങൾ നടി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള സമീറയുടെ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 2010ലെ തന്റെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് നടി 'ബോഡി പോസിറ്റിവിറ്റി'യെക്കുറിച്ച് സംസാരിക്കുന്നത്.
കുറിപ്പ് ചുവടെ:
'എന്റെ ശരീരത്തിലെ സെല്ലുലൈറ്റ്(ചർമത്തിന് കീഴിലായി അടിയുന്ന കൊഴുപ്പ്) കാണാനാകുന്നുണ്ടോ? പിംപിൾസോ? വയറിലെ തൂങ്ങിയ ചർമമോ? താടിയെല്ലിന്റെ ആകൃതി? എന്റെ യഥാർത്ഥ അരക്കെട്ട്? എന്റെ ഏത് ശരീരഭാഗമാണ് ടച്ച് അപ്പ് ചെയ്യാത്തതെന്നാണോ? ഉത്തരം - 2010ൽ എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും നന്നാക്കിയെടുക്കുകയും, പുൾ ഇൻ ചെയ്യുകയും, മെലിയിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതുമായി താരതമ്യം ചെയ്യുന്നതിന് 2010ലെ ടച്ച് അപ്പ് ചെയ്യാത്ത എന്റെ ചിത്രം കൈവശമുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. #throwback എന്റെ ശരീരം എങ്ങനെയിരുന്നാലും അതിനെ ഞാൻ സ്നേഹിക്കണമെന്ന് മനസിലാക്കാൻ അൽപ്പം സമയമെടുത്ത് എന്നുള്ളതിന്റെ ഒരു ഓർമ്മപ്പെടുത്തൽ. അതിന്റെ സുഖം മറ്റാർക്കും നൽകാനാവില്ല. നിങ്ങൾക്കല്ലാതെ!'