ബംഗളൂരു: പത്തുവയസുകാരിയെ പീഡിപ്പിച്ച 68കാരനായ പൂജാരി അറസ്റ്റിലായി. ബംഗളൂരു ചിക്കബെല്ലാപുര സ്വദേശി വെങ്കടരമണപ്പയാണ് അറസ്റ്റിലായത്. ദേവനഹള്ളിയിലുള്ള മകളുടെ വീട്ടിൽ എത്തിയതായിരുന്നു പ്രതി. മരുമകനു പകരം അവിടത്തെ ക്ഷേത്രത്തിലെ പൂജാ കാര്യങ്ങൾ നോക്കാനായാണ് പ്രതിയെ വിളിച്ചുവരുത്തിയത്. ഇതിനിടെയാണ് അയൽവാസിയായ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
കളിക്കാൻ പോയ കുഞ്ഞ് തിരികെ വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചിറങ്ങി. തെരുവു കച്ചവടക്കാരിയാണ് മകളെ പൂജാരി കൂട്ടിക്കൊണ്ടുപോയ വിവരം അറിയിച്ചത്. മാതാപിതാക്കൾ തിരികെ പൂജാരിയുടെ മകളുടെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി കരഞ്ഞുകൊണ്ട് നിൽക്കുന്നതാണ് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ദേവനഹള്ളി പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൂജാരി പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.