ന്യൂഡൽഹി : 15 വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞ മകനെയും കുടുംബത്തെയും തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് രമാദേവി. നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതത്തെ മടക്കി തന്നതിന് ഫേസ്ബുക്കിനാണ് രമാദേവി നന്ദി പറയുന്നത്.
2005ലാണ് രമാദേവിയുടെ കഥയിലെ ടേണിംഗ് പോയിന്റ്. അഭിഭാഷകയായിരുന്ന രമാദേവി ഭർത്താവുമായി വഴക്കിട്ട് കൊൽക്കത്തയിലെ ഭർതൃഗൃഹത്തിൽ നിന്നും ഇറങ്ങി പോയി. രമയുടെ മകൻ മിത്രജീത് ചൗധരിയ്ക്ക് അന്ന് ഏഴ് വയസായിരുന്നു പ്രായം. ഡൽഹിയിലെത്തിയ രമ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. എന്നാൽ മാനസിക തകരാറുണ്ടാവുകയും അത് ക്രമേണ ഓർമ നഷ്ടപ്പെടുന്നതിനും വഴിതെളിച്ചു.
9 മാസം ഡൽഹിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസസിൽ ചികിത്സയിൽ കഴിഞ്ഞു. തുടർന്ന് ഹോപ്പ് റീഹാബിലിറ്റേഷൻ സെന്റർ പുനഃരധിവാസ കേന്ദ്രത്തിലും ചികിത്സയിൽ കഴിഞ്ഞു. ഇതിനിടെ ഒരു ദിവസം രമാദേവിയ്ക്ക് തന്റെ മകന്റെ പേര് ഓർമ വന്നു.
തുടർന്ന് പുനഃരധിവാസ കേന്ദ്രത്തിലെ അധികൃതർ ചേർന്ന് രമാദേവിയുടെ മകനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. മിത്രജീത് ചൗധരി എന്ന് പേരുള്ളവരെ തേടി അധികൃതർ സോഷ്യൽ മീഡിയയിൽ തിരഞ്ഞു. ആ പേരുള്ള ഏഴോളം പേരെ സമീപിച്ചു. എന്നാൽ ഒരാൾ മാത്രമാണ് അതിൽ പ്രതികരിച്ചത്. മകന്റെ ഫേസ്ബുക്ക് ചിത്രങ്ങൾ കണ്ടിട്ട് രമാദേവിയ്ക്ക് ആദ്യം മനസിലായില്ല.
എന്നാൽ വീഡിയോ കോൾ ചെയ്തതോടെ മകനും അമ്മയും പരസ്പരം തിരിച്ചറിയുകയായിരുന്നു. ഒട്ടും വൈകാതെ മകൻ പിതാവിനൊപ്പം ഡൽഹിയിലെത്തുകയും അമ്മയെ മടക്കിക്കൊണ്ടു പോവുകയുമായിരുന്നു. ' എന്നെങ്കിലും ഒരിക്കൽ അമ്മയെ കണ്ടെത്തുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഒരുപാട് ശ്രമിച്ചു. നടന്നില്ല. എന്നാൽ ഇന്ന് എനിക്ക് അമ്മയെ തിരിച്ചുകിട്ടി. ' 22 കാരനായ മിത്രജീത് പറഞ്ഞു.