covid

ലണ്ടൻ: അസ്ട്രസെനെക്കയുമായി ചേർന്ന് ഓക്സ്ഫോഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പിഴവു സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. ഇതോടെ വാക്‌സിൻ പരീക്ഷണ ഫലം സംബന്ധിച്ച് ദുരൂഹതയേറുകയാണ്. വാക്സിൻ 90 ശതമാനം വരെ ഫലപ്രദമാണെന്ന് അസ്ട്രസെനെക്ക അവകാശപ്പെട്ടതിന് പിന്നാലെയാണ് പരീക്ഷണത്തിൽ പിഴവ് സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ പരീക്ഷണത്തിൽ പിഴവ് സംഭവിച്ചതായി അസ്ട്രസെനെക്കയും വ്യക്തമാക്കി.

വാക്‌സിന്റെ പകുതി ഡോസ് ആദ്യവും പിന്നീട് ബാക്കി പകുതിയും നൽകിയുള്ള പരീക്ഷണം 90 ശതമാനം ഫലപ്രദമാണെന്നാണ് അസ്ട്രസെനെക്ക ആദ്യം അറിയിച്ചിരുന്നത്. ഒരുമാസം ഇടവിട്ട് രണ്ട് പൂർണ ഡോസുകൾ നൽകിയപ്പോൾ 62 ശതമാനം മാത്രം ഫലപ്രാപ്തിയാണുണ്ടായത്. ശരാശരി രണ്ട് പരീക്ഷണങ്ങൾ തമ്മിൽ കണക്കുകൂട്ടുമ്പോൾ വാക്‌സിൻ 70 ശതമാനം ഫലപ്രദമാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

പകുതി ഡോസ് ‌ നൽകിയത് വാക്സിൻ നിർമാണത്തിൽ ഡോസേജിലുണ്ടായ പിഴവ് മൂലമാണെന്ന് അമേരിക്കയിലെ വാക്സിൻ പ്രോഗ്രാം 'ഓപ്പറേഷൻ വാർപ് സ്പീഡ്' പറഞ്ഞു. 90 ശതമാനം ഫലപ്രാപ്‌തി കണ്ടെത്തിയത് യുവാക്കളിലാണെന്നും ഓപ്പറേഷൻ വാർപ് സ്പീഡ് കൂട്ടിച്ചേർത്തു. നേരത്തെ തന്നെ രണ്ടു ഡോസുകളിൽ പരീക്ഷണം നടത്തിയതിൽ വിദഗ്‌ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പരീക്ഷണത്തിലെ ആശയക്കുഴപ്പം നല്ലതല്ലെന്നും ഇത് വാക്‌സിനുമേലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും ഗവേഷകർ പറയുന്നു.

അതേസമയം പരീക്ഷണങ്ങൾ ഉയർന്ന നിലവാരത്തിലാണ് നടത്തിയതെന്നും വാക്‌സിന്റെ ഫലപ്രാപ്‌തി സംബന്ധിച്ച് കൂടുതൽ വിശകലനം നടത്തണമെന്നും അസ്ട്രസെനെക്ക വക്താവ് പറഞ്ഞു. 20,000-ത്തോളം സന്നദ്ധപ്രവർത്തകരിലാണ് അസ്ട്രസെനെക്ക വാക്സിൻ പരീക്ഷണം നടത്തിയത്.ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളിലൊന്നായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേർന്ന് വാക്‌സിൻ നിർമ്മിക്കാൻ ഇരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വാർത്ത പുറത്തുവരുന്നത്.

യു.എസ് കമ്പനികളായ ഫൈസർ 95 ശതമാനവും ഫലപ്രദമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
മോഡേണയുടെ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്നും റഷ്യയുടെ സ്പുട്നിക്-5 വാക്സിന്റെ ഫലപ്രാപ്തി 90 ശതമാനമാണെന്നും നിർമാണ കമ്പനികൾ അവകാശപ്പെടുന്നു.