വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ താൻ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാമെന്ന് ഡൊണാൾഡ് ട്രംപ്. അതേസമയം, താൻ പരാജയം അംഗീകരിക്കില്ലെന്നാണ് ട്രംപ് ആവർത്തിക്കുന്നത്. ഇലക്ട്രൽ കോളേജ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചാൽ വൈറ്റ്ഹൗസ് വിട്ടുപോകുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി.
'തീർച്ചയായും ഞാനത് ചെയ്യും, നിങ്ങൾക്കതറിയാം. എന്നാൽ അപ്രകാരം അവർ ചെയ്യുകയാണെങ്കിൽ അവർ തെറ്റുചെയ്യുകയാണ്. അത് അംഗീകരിക്കാൻ വളരെ പ്രയാസമുളള ഒരു കാര്യമാണ്. ഇത് ഒരു വലിയ തട്ടിപ്പായിരുന്നു.' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
നേരത്തെ വിചിത്രമായ കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് ട്രംപ് കോടതിയെ സമീപിക്കാൻ പോലും മുതിർന്നിരുന്നു