ന്യൂഡൽഹി: മിഗ് 29-കെ യുദ്ധവിമാനം പരിശീലനത്തിനിടെ അറബിക്കടലിൽ തകർന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരു പൈലറ്റിന് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. സേനയുടെ വിവിധ യൂണിറ്റുകൾ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം നടന്നതെന്നാണ് വിവരം.
അറബിക്കടലിൽ ഐ എൻ എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്. ഈ വർഷം ഫെബ്രുവരിയിൽ പരീക്ഷണ പറക്കലിനിടെ ഗോവയിൽ മറ്റൊരു മിഗ് വിമാനം തകർന്നുവീണിരുന്നു. വിമാനാപകടത്തെപ്പറ്റി നാവികസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.