india-covid

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 492 പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93,09787 ആയി. 1,35,715 പേർ ആകെ മരണമടഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ കണക്കെടുത്താൽ ഏ‌റ്റവുമധികം രോഗബാധ സ്ഥിരീകരിച്ചത് മഹാരാഷ്‌ട്രയിലാണ്. 6404 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്‌തത്. രണ്ടാം സ്ഥാനത്തുള‌ള ഡൽഹിയിൽ 5475 പേർക്ക് രോഗം സ്ഥിരീകരിച്ചു. തൊട്ടുപിറകിലുള‌ള കേരളത്തിൽ 5378 പേർക്കാണ് രോഗം. പശ്ചിമ‌ബംഗാളിൽ 3507 പേർക്കും രാജസ്ഥാനിൽ 3180 പേർക്കും രോഗം സ്ഥിരീകരിച്ചു.

രാജ്യത്തെ മരണനിരക്കിൽ മുന്നിൽ മഹാരാഷ്‌ട്രയാണ് 46,813 പേർക്കാണ് ഇവിടെ കൊവിഡ് മൂലം ജീവൻ നഷ്‌ടമായത്. കർണാടകയിൽ 11,726 പേരും തമിഴ്‌നാട്ടിൽ 11,669 പേരും കൊവിഡ് ബാധിച്ച് മരണമടഞ്ഞു. ഡൽഹിയിൽ 8811 പേർക്കും പശ്ചിമബംഗാളിൽ 8224 പേർക്കും കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു.

അതിനിടെ മൂന്നാംഘട്ട പരീക്ഷണവും കഴിഞ്ഞ ആസ്‌ട്ര സെനെക്ക കൊവിഡ് വാക്‌സിൻ ഒരു ആഗോള ട്രയൽ പരീക്ഷണം കൂടി നടത്തുമെന്ന് കമ്പനി എക്‌സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു. പരീക്ഷണ ഫലത്തിൽ പിഴവ് വന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് കമ്പനി ഈ വിവരം അറിയിച്ചത്.