ചെന്നൈ: ഭീകരപ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കാൻ പാകിസ്ഥാൻ പാശ്ചാത്യ രാജ്യങ്ങളിലേക്ക് അയച്ച നൂറ് കിലോ അഫ്ഗാൻ ഹെറോയിൻ ഉൾപ്പെടെ വൻ മയക്കുമരുന്നു ശേഖരവുമായി എത്തിയ ശ്രീലങ്കൻ ബോട്ട് തൂത്തുക്കുടി കടലിൽ കോസ്റ്റ് ഗാർഡ് പിടികൂടി. ബോട്ടിൽ ഒഴിഞ്ഞ ഇന്ധനടാങ്കിൽ സൂക്ഷിച്ചിരുന്ന 99 പായ്ക്കറ്റ് ഹെറോയിനും 20 പെട്ടി സിന്തറ്റിക് ഡ്രഗും അഞ്ച് 9 എം.എം. പിസ്റ്റലുകളും യു.എ.ഇയിലെ തുരായ കമ്പനിയുടെ സാറ്റലൈറ്റ് ഫോണും പിടിച്ചെടുത്തു. ഹെറോയിന് 500 കോടി രൂപ വിലവരും.
കോസ്റ്റ് ഗാർഡിനെ അലർട്ടാക്കിയത് ഉപഗ്രഹം നൽകിയ സൂചന
കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ള ഏജൻസികൾ ഒൻപത് ദിവസം നീണ്ട ഓപ്പറേഷനിലാണ് ഹെറോയിൻ കടത്ത് തകർത്തത്. രാജ്യത്ത് നിരോധിക്കപ്പെട്ട ഉപഗ്രഹഫോൺ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവർത്തിക്കുന്നതായി ഉപഗ്രഹത്തിൽ നിന്നും സിഗ്നൽ ലഭിച്ചതോടെ ഐ എസ് ആർ ഒ ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ നിരീക്ഷണകേന്ദ്രത്തിൽ നിന്നും സന്ദേശം
കൈമാറുകയായിരുന്നു.
തുടർന്ന് തൂത്തുക്കുടി കോസ്റ്റ്ഗാർഡ് ഓപ്പറേഷൻ ആരംഭിച്ചു. കോസ്റ്റ് ഗാർഡ് കപ്പലുകളായ വൈഭവ്, വിക്രം, സമാർ, അഭിനവ്, ആദേശ് എന്നിവയും ഒരു ഡോർണിയർ വിമാനവും ഓപ്പറേഷനിൽ പങ്കെടുത്തു. ഒൻപത് ദിവസമായി ബോട്ടിനെ നിരീക്ഷിക്കുകയായിരുന്ന സേന ബുധനാഴ്ച രാത്രിയോടെ തൂത്തുക്കുടി ഭാഗത്ത് വച്ച് വൈഭവ് എന്ന കപ്പൽ ഉപയോഗിച്ച് തടയുകയായിരുന്നു.
ബോട്ട് ജീവനക്കാരായ ആറ് ശ്രീലങ്കൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പാകിസ്ഥാനിൽ നിന്ന് എത്തിയ ഒരു പായവഞ്ചിയിൽ നിന്ന് കടലിൽ വച്ച് ബോട്ടിലേക്ക് മയക്കുമരുന്നുകൾ മാറ്റിയതാണെന്ന് ഇവർ വെളിപ്പെടുത്തി. മയക്കുമരുന്ന് ഇന്ത്യയിൽ എത്തിച്ച് ആസ്‌ട്രേലിയയിലേക്കും മറ്റും കടത്തുകയായിരുന്നു ലക്ഷ്യം. പാകിസ്ഥാനിൽ ഉന്നത ബന്ധങ്ങളുള്ള അന്താരാഷ്ട്ര ലഹരിക്കടത്തുകാരനാണ് പിന്നിലെന്ന് കരുതുന്നു. ഷേനായ ദുവ എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ശ്രീലങ്കയിലെ നെഗോംബോ സ്വദേശികളായ അലൻസു കുട്ടിഗെ സിൻഹ, ദീപ്ത സാനി ഫെർനാൻഡോ എന്നിവരാണ് ബോട്ടിന്റെ ഉടമകൾ.
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ പാകിസ്ഥാനിലെ ഉറവിടവും തമിഴ്നാട്ടിൽ ആരാണ് അത് ഏറ്റുവാങ്ങാനിരുന്നതെന്നും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.
ശക്തികൂട്ടി കോസ്റ്റ് ഗാർഡ്
മുംബയ് ഭീകരാക്രമണത്തിന് ശേഷം കൂടുതൽ നവീകരണമുണ്ടായ സേനകളിലൊന്ന് കോസ്റ്റ് ഗാർഡിനാണ്. ഇന്ത്യയുടെ 7,500 കിലോമീറ്റർ തീരപ്രദേശത്ത് പട്രോളിംഗ് നടത്തുന്ന കോസ്റ്റ് ഗാർഡിന് 2008 ഉണ്ടായിരുന്നത് തുച്ഛമായ 74 കപ്പലുകളായിരുന്നു. ഇന്ന് അവയുടെ എണ്ണം134ആയി ഉടൻ 200 കപ്പലുകളുള്ള സേനയായി മാറം . 2008 ൽ നിരീക്ഷണത്തിനായി 44 വിമാനങ്ങളുണ്ടായിരുന്ന കോസ്റ്റ് ഗാർഡിന് ഇന്ന് 58 വിമാനങ്ങളുണ്ട്. കടലിൽ ഫലപ്രദമായി പട്രോളിംഗ് നടത്താൻ രത്നഗിരിയിൽ എയർ സ്റ്റേഷനും നിർമ്മിച്ചു. കോസ്റ്റ് ഗാർഡിന്റെ നവീകരണ പ്രവർത്തികൾക്കായി 2017ൽ മോദി സർക്കാർ 31,748 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നൽകിയത്. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാനാവുന്ന പദ്ധതികളാണ് ഇതിലുള്ളത്. 2008 ൽ 5,000ഓളം ഉദ്യോഗസ്ഥരുടെ ഒരു ചെറിയ സംഘത്തിൽ നിന്ന്, നിലവിൽ 12000 അംഗബലമുള്ള സേനയാണ് കോസ്റ്റ് ഗാർഡ്, ഇനിയും 8000 പേരെ കൂടി ഉൾപ്പെടുത്തി സേനയെ വിപുലീകരിക്കുവാനാണ് പദ്ധതി ഇടുന്നത്.
കോസ്റ്റ് ഗാർഡിനൊപ്പം പുറം കടലിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കാൻ നാവിക സേനയും കൂടുതൽ ശ്രദ്ധ നൽകിയത് മുംബയ് തീവ്രവാദ ആക്രമണത്തോടെയാണ്. ഇതിനായി നാവികസേനയെ നോഡൽ ഏജൻസിയാക്കി മാറ്റിയ സർക്കാർ മുംബയ് വിശാഖപട്ടണം, കൊച്ചി, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിൽ നാല് സംയുക്ത പ്രവർത്തന കേന്ദ്രങ്ങൾ ആരംഭിച്ചു. ഇതോടു കൂടി രാജ്യത്തെ സമുദ്രാതിർത്തി കടക്കുന്ന ഏതു കപ്പലും ചെറുയാനങ്ങലും നാവിക സേനയുടെ കണ്ണിൽക്കൂടിയല്ലാതെ ഇന്ത്യൻ അതിർത്തി കടക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കി. നാവിക സേനയുടെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിൽ സന്ദേശം ലഭിച്ചാൽ നാല് മിനിട്ടിനുള്ളിൽ പറക്കാൻ തയ്യാറായി ഒരു വിമാനം എപ്പോഴും തയ്യാറാക്കി, ഏത് സാഹചര്യത്തിലും പെട്ടെന്ന് പ്രഹരിക്കുവാൻ തയ്യാറായി കപ്പലുകളും സമുദ്രാതിർത്തിയിൽ അണിനിരത്തിയിട്ടുണ്ട്.