ബംഗളൂരു: അഞ്ച് ഭാര്യമാരും മക്കളുമുളള അച്ഛൻ സ്വത്ത് തർക്കത്തിനിടെ ഒരു മകന്റെ 19 വയസുകാരിയായ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ അതേ അച്ഛന്റെ മറ്റൊരു മകൻ അനുജന്റെ ഭാര്യയെ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിച്ച് പരുക്കേൽപ്പിച്ചു. ബംഗളൂരുവിലെ പീനിയയിലാണ് സംഭവം. പീനിയ സ്വദേശി പൂനിത് ആണ് അച്ഛനെതിരെ പരാതി നൽകിയത്.
അഞ്ച് ഭാര്യമാരുളളയാളായ രാജണ്ണ തന്റെ അപ്പാർട്ട്മെന്റിൽ കുടുംബത്തോടൊപ്പമാണ് താമസം. രാജണ്ണയുടെ രണ്ടാംഭാര്യയായ രാധയാണ് കെട്ടിടത്തിന്റെ ഉടമ. ഇതേ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മറ്റൊരു കുടുംബത്തോട് ഒഴിഞ്ഞു പോകാൻ രാധ നോട്ടീസ് നൽകി. വിവരം രാജണ്ണയെ കുടുംബം അറിയിച്ചതോടെ രാജണ്ണ രാധയോടും മകനോടും ഭാര്യയോടും ഇക്കാര്യം പറഞ്ഞ് വഴക്കുണ്ടായി. ഇതിനിടെയാണ് 19കാരിയായ മകന്റെ ഭാര്യയെ അപായപ്പെടുത്തുമെന്ന് രാജണ്ണ ഭീഷണിപ്പെടുത്തിയത്. കുടുംബപ്രശ്‌നത്തിൽ ഇടപെട്ടാൽ വധിക്കുമെന്നും രാജണ്ണ പറഞ്ഞു.
പിന്നീട് പൂനിതിന്റെ ഭാര്യ നടന്നുപോകുംവഴി രാജണ്ണയുടെ ആദ്യഭാര്യയുടെ മകൻ രവി ഹെൽമറ്റ് ഉപയോഗിച്ച് ഇവരെ ആക്രമിച്ചു. സംഭവത്തിൽ രാജണ്ണയ്‌ക്കും മകൻ രവിയ്‌ക്കുമെതിരെ പൊലീസ് കേസെടുത്തു. അറുപത് വയസുകാരനായ രാജണ്ണയ്‌ക്ക് അഞ്ച് ഭാര്യമാരും നിരവധി സ്വത്തുമുണ്ട്. ഈ സ്വത്തിന്റെ പേരിൽ തർക്കവുമുണ്ടെന്ന് പുനീത് പരാതിയിൽ പറയുന്നു.