ibrahim-kunju

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നൽകും. തിങ്കളാഴ്‌ച വിജിലൻസ് വീണ്ടും ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി ചോദ്യം ചെയ്യും. പ്രതിയെ വിജിലൻസ് കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് സൂചന.

ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്‌താൽ മതിയെന്ന നിലപാടിലാണ് വിജിലൻസ്. ചോദ്യം ചെയ്യാൻ കൂടുതൽ ദിവസങ്ങൾ അനുവദിച്ച് തരണമെന്നായിരിക്കും വിജിലൻസ് ആവശ്യപ്പെടുക. ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഹൈക്കോടതിയെ ഇബ്രാഹിം കുഞ്ഞ് സമീപിക്കും.

കഴിഞ്ഞ ദിവസമാണ് കോടതി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തളളിയത്. ഇതോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി ലഭിച്ചു. ഏഴ് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തളളിയത്. ആശുപത്രിയിൽ ഡോക്‌ടർമാരുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യാം.

രാവിലെ 9 മണി മുതൽ 12 മണി വരെയും, വൈകീട്ട് 3 മണി മുതൽ 5 മണി വരെയുമാണ് ചോദ്യം ചെയ്യാൻ അനുമതി. ചോദ്യം ചെയ്യുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ കൊവിഡ് പരിശോധന നടത്തണം. പ്രതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കരുതെന്നും ചികിത്സ തടസപ്പെടുത്തരുതെന്നുമാണ് നിർദേശം.