ഇന്ത്യയിൽ ഇതുപോലൊരു വീട് വേറെയില്ല. ആഡംബരത്തിന്റെ അവസാന വാക്ക്.. അതാണ് ' ആന്റിലിയ '. അറ്റ്‌ലാൻഡിക് സമുദ്രത്തിലുണ്ടായിരുന്നെന്ന് പറയപ്പെടുന്ന ആന്റിലിയ ദ്വീപിന്റെ പേരിലുള്ള ഈ അംബരചുംബിയായ ഭവനത്തിലാണ് കോടീശ്വരൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മക്കളും താമസിക്കുന്നത്.
ലോകത്തെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സ്വകാര്യ വസതി എന്നാണ് ' ആന്റിലിയ ' അറിയപ്പെടുന്നത്. ബ്രിട്ടീഷ് രാജ്ഞിയുടെ വസതിയായ ബക്കിംഗ്ഹാം പാലസിന് തൊട്ടുപിന്നിലാണ് ആന്റിലിയയുടെ സ്ഥാനം. സൗത്ത് മുംബയിലെ അൽട്ടമൗണ്ട് കുബല്ലാ ഹിൽ മേഖലയിൽ തലയെടുപ്പോടെ സമുദ്രത്തിന് അഭിമുഖമായി ഉയർന്നു നിൽക്കുന്ന പടുകൂറ്റൻ ആന്റിലിയയുടെ വിസ്തൃതി 4,00,000 ചതുരശ്ര അടിയാണ്.
ഏകദേശം 2.2 ബില്യൺ ഡോളറിലേറെ മൂല്യമാണ് (ഏകദേശം 15,000 കോടി ) ആന്റിലിയയ്ക്കുള്ളത്. റിക്ടർ സ്കെയിലിൽ എട്ട് വരെയുള്ള ഭൂകമ്പങ്ങൾക്ക് പോലും ആന്റിലിയയെ കുലുക്കാൻ സാധിക്കില്ലെന്നാണ് പറയുന്നത്. ഷിക്കാഗോ ആസ്ഥാനമായുള്ള പെർകിൻസ് ആൻഡ് വിൽസ് രൂപകല്പന ചെയ്ത ആന്റിലിയയിൽ 27 നിലകളുണ്ട്.
2006ൽ നിർമാണം തുടങ്ങിയ ആന്റിലയിൽ 2012 ലാണ് അംബാനിയും കുടുംബവും താമസം തുടങ്ങിയത്. 568 അടി ഉയരമുണ്ട് ആന്റിലിയയ്ക്ക്. എന്തുകൊണ്ടും കൂറ്റൻ വീടിന്റെ മാതൃകയിലുള്ള ഒരു നഗരം തന്നെയാണ് ആന്റിലിയ.
ജിം, സലൂൺ, ഐസ്ക്രീം പാർലർ, ഒരു വലിയ ക്ഷേത്രം, മൂന്ന് ഹെലിപാഡുകൾ, എയർ ട്രാഫിക് കൺട്രോൾ, ടെറസ് ഗാർഡൻ, സ്വിമ്മിംഗ് പൂൾ, സ്പാ, ഹെൽത്ത് സെന്റർ, ഒമ്പത് ഹൈ സ്പീഡ് എലിവേറ്ററുകൾ, അതിഥികൾക്കായുള്ള ആഡംബര സ്യൂട്ടുകൾ, 50 സീറ്റുകളുള്ള സിനിമാ തിയേറ്റർ, കാർ സർവീസ് സ്റ്റേഷൻ ഇങ്ങനെ നീളുന്നു ആന്റിലിയയ്ക്കുള്ളിലെ അത്ഭുതപ്പെടുത്തുന്ന സജ്ജീകരണങ്ങൾ.
ആന്റിലിയയുടെ ആറു നിലകളിലായി ഒരേ സമയം 168 കാറുകൾക്ക് കിടക്കാൻ ശേഷിയുള്ള കാർ ഗ്യാരേജ് ആണ്. മുകേഷ് അംബാനിയുടെ ആഡംബര കാറുകളെല്ലാം ഇവിടെയാണ് സൂക്ഷിക്കുന്നത്. ആന്റിലിയയുടെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്നാൽ മുംബയ് നഗരത്തെ മുഴുവനും ഒരു വശത്ത് വിശാലമായ അറബിക്കടലിന്റെയും അതിമനോഹരമായ കാഴ്ച കാണാൻ സാധിക്കും.
ഇതൊന്നുമല്ല, ഇനി യൂറോപ്യൻ രാജ്യങ്ങളിലൊക്കെ കാണാൻ സാധിക്കുന്ന തൂമഞ്ഞ് വീഴ്ച കാണണമെന്ന് തോന്നിയാൽ മുംബയിലെ ഈ വീട്ടിൽ ഇരുന്നുകൊണ്ട് അംബാനിയ്ക്കും കുടുംബത്തിനും അനുഭവിച്ചറിയാം. ഇതിനായി ഒരു മുറി പൂർണമായും സ്നോ റൂം ആയി ഒരുക്കിയിട്ടുണ്ട്. കണ്ടാൽ ഒരു മുറിയാണെന്ന് തോന്നുകയേ ഇല്ല ഈ മനുഷ്യനിർമിത സ്നോറൂം കണ്ടാൽ. ശരിക്കും ധ്രുവ പ്രദേശത്ത് എത്തിയ പ്രതീതിയാണ് ഈ മുറിയിൽ അനുഭവിച്ചറിയാൻ സാധിക്കുക.