മഞ്ജു വാര്യർ, ഷൗബിൻ ഷാഹിർ, കാളിദാസ് ജയറാം എന്നിവർ അണിനിരക്കുന്ന സന്തോഷ് ശിവൻ ചിത്രമായ 'ജാക്ക് ആൻഡ് ജില്ലി'ലെ ആദ്യഗാനം യൂട്യൂബിലൂടെ പുറത്തിറങ്ങി. 'കിം കിം കിം' എന്ന് തുടങ്ങുന്ന ഗാനം മഞ്ജു വാര്യർ തന്നെയാണ് ആലപിച്ചിരിക്കുന്നത്.
'പാരിജാത പുഷ്പഹാരത്തി'ൽ വൈക്കം എം.പി മണി പാടി അവതരിപ്പിച്ച 'കാന്താ തൂകുന്നു തൂമണം' എന്ന ഗാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതാണ് ഈ ഗാനമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. നെടുമുടി വേണു, അജു വർഗീസ്, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും തിരക്കഥ തയ്യാറാക്കിയതും സന്തോഷ് ശിവൻ തന്നെയാണ്. അദ്ദേഹത്തോടൊപ്പം ഗോകുലം ഗോപാലൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജെയ്ക്സ് ബിജോയ്, രാം സുന്ദർ, ഗോപി സുന്ദർ എന്നിവരാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വരികൾ - ബി.കെ ഹരിനാരായണൻ.