maradona

ബ്യൂണസ് ഐറീസ്: കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോയെടുത്ത ജീവനക്കാരനെ പിരിച്ചുവിട്ട് ഫ്യൂണറൽ പാർലർ. മറഡോണയുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ സെപെലിയോസ് പിനിയർ സ്ഥാപനത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.

പൊതുദർശനത്തിനും മറ്റുമായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് ശവപ്പെട്ടി തുറന്ന് ഇയാൾ മറഡോണയുടെ മൃതദേഹത്തിനൊപ്പം ചിത്രമെടുത്തത്.

ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് ഇയാൾക്കെതിരെ ഉയർന്നത്. ഇതോടെ സ്ഥാപനം ഇയാൾക്കെതിരെ നടപടിയെടുത്തു. ജീവനക്കാരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്ഥാപനം പുറത്തുവിട്ടിട്ടില്ല. മറഡോണയുടെ മൃതദേഹത്തിനൊപ്പമുള്ള മറ്റൊരു ജീവനക്കാരന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.