deepspot

ലോകത്തിലെ ഏറ്റവും ആഴമേറിയ സ്വിമ്മിംഗ് പൂൾ പോളണ്ടിൽ വാർസോയ്ക്കടുത്ത് കഴിഞ്ഞാഴ്ചയാണ് തുറന്നത്. 148 അടിയാണ് ഡീപ്പ്സ്പോട്ട് എന്ന ഈ സ്വിമ്മിംഗ് പൂളിന്റെ ആഴം. ഇറ്റലിയിലെ മൊണ്ടെഗ്രോറ്റോയിലെ വൈ - 40 ഡൈവിംഗ് പൂളിന്റെ റെക്കോർഡ് ആണ് ഡീപ്പ്സ്‌പോട്ട് തകർത്തിരിക്കുന്നത്. 137 അടിയായിരുന്നു വൈ - 40 ഡൈവിംഗ് പൂളിന്റെ ആഴം.

കുളത്തിന്റെ പ്രധാന ഭാഗത്തിന്റെ ആഴം 65 അടിയാണ്. ചുറ്റും വലിയ കോൺഗ്രീറ്റ് ട്യൂബിനാൽ നിർമിതമാണ് താഴേക്കുള്ള ആഴമേറിയ ഭാഗം. ഇനി നീന്താൻ താത്പര്യമില്ലാത്തവർ ആണെങ്കിൽ കുളത്തിനുള്ളിൽ തന്നെയുള്ള അണ്ടർവാട്ടർ ടണലിലൂടെ നടന്ന് കാഴ്ചകൾ കാണുകയും ചെയ്യാം.

കുളത്തിനുള്ളിൽ ഗുഹകളും മായൻ സംസ്കാരത്തെ സ്മരിപ്പിക്കുന്ന ശേഷിപ്പുകളും തകർന്ന കപ്പലിന്റെ മാതൃകയിലുള്ള അവശിഷ്ടവും കാണാം, സ്കൂബാ ഡൈവേഴ്സിനും പോളിഷ് ആർമിയിലേയും അഗ്നിരക്ഷാസേനയിലെയും അംഗങ്ങൾക്കും ഇവിടെ പരിശീലനം നൽകും.

282,517 ക്യൂബിക് അടി ജലമാണ് ഡീപ്പ്സ്പോട്ടിലുള്ളത്. അതായത് 82 അടി നീളമുള്ള ഒരു സാധാരണ സ്വിമ്മിംഗ് പൂളിലുള്ളതിനേക്കാൾ 27 ഇരട്ടിയിലേറെ വെള്ളമെന്നാണ് അധികൃതർ പറയുന്നത്.

deepspot

പക്ഷേ, ഏറ്റവും ആഴമേറിയ നീന്തൽ കുളമെന്ന റെക്കോർഡ് ഡീപ്പ്സ്പോട്ടിന് അധികകാലം ഉണ്ടാകില്ല. ഇംഗ്ലണ്ടിലെ കോൾചെസ്റ്ററിൽ 164 അടി ആഴത്തിൽ ഒരു പടുകൂറ്റൻ നീന്തൽ കുളത്തിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തുറക്കുന്നതോടെ ഡീപ്പ്സ്പോട്ടിന്റെ റെക്കോർഡ് തകർക്കപ്പെടും.